കൂത്താട്ടുകുളം: മൂന്നു തവണ വിവാഹിതനായ യുവാവിനെ ഭാര്യയുടെ പരാതിയിൽ പോലീസ് പിടികൂടി. മണ്ണത്തൂർ കണ്ണംന്താനത്ത് ജിനിൽ ജോർജ് (36) ആണ് പിടിയിലായത്. ഇയാളുടെ ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് ഒലിയപ്പുറം സ്വദേശിയും ഭർതൃമതിയുമായ യുവതിയെ വിവാഹം കഴിച്ചത്.
ഇവരുമായി തെറ്റിപ്പിരിഞ്ഞാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് മൂന്നാമത്തെ വിവാഹം കഴിച്ചത്. ഇതിനിടെ രണ്ടാം ഭാര്യയെത്തിയതോടെ പ്രശ്നമാകുകയായിരുന്നു. മൂന്നാം ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിടുകയും ജിനിൽതന്നെ ഇവരെ കോട്ടയത്ത് കാറിൽ എത്തിച്ച് അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ബസിൽ കയറ്റി വിടുകയുമായിരുന്നു.
എന്നാൽ യുവതി ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിക്കുകയും കൂത്താട്ടുകുളം പോലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. സുപ്രീകോടതിയുടെ വിധിയുണ്ടെന്നും ഒപ്പം താമസിച്ചാൽ കുഴപ്പമില്ലെന്നുമാണ് മൂന്നാം ഭാര്യയെ പറഞ്ഞ് കബളിപ്പിച്ചിരുന്നത്.
വിവാഹത്തിലൂടെ യുവതികളിൽനിന്ന് സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയോളവും തട്ടിയെടുത്തതായും പരാതിയിലുണ്ട്. കൂത്താട്ടുകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.