പരിശീലനം പാഴായെന്ന് ചുരുക്കം! പോലീസിനെ മര്യാദ പഠിപ്പിക്കാനുള്ള ഡിജിപിയുടെ പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ച അന്നുതന്നെ പോലീസ് ഗുണ്ടായിസത്തിന് മറ്റൊരുദാഹരണംകൂടി; കൂത്താട്ടുകുളത്ത് നടന്നതിത്

സംസ്ഥാനത്തെ പോലീസിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളോട് മാന്യമായി പെരുമാറേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് പോലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ ഡിജിപി ഉത്തരവിട്ടത്. പരിശീലനത്തിന് തുടക്കമായെങ്കിലും സാധാരണക്കാരോടുള്ള പെരുമാറ്റം നന്നാക്കുന്നതിന് പോലീസിന്റെ പ്രായോഗിക പരിശീലനം വന്‍ പരാജയമായി എന്നാണ് കൂത്താട്ടുകുളത്തുനിന്ന് പുറത്തുവരുന്ന വാര്‍ത്ത സൂചിപ്പിക്കുന്നത്. പരിശീലനം തുടങ്ങിയ അന്നുതന്നെ വൈകിട്ട് ഏഴ് മണിയോടെ കൂത്താട്ടുകുളം രാമപുരം ജങ്ഷനിലായിരുന്നു സംഭവം.

ചെക്കിങ്ങിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു രണ്ട് പേരെ ഹൈവേ പോലീസ് പിടിച്ചുവലിച്ച് നിലത്തിട്ടു. ബൈക്കിന്റെ പിന്നിലിരുന്ന കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദ് (34) നാണ് പരുക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന മംഗലത്തുതാഴത്ത് ബാബുവിനും നിസാര പരുക്കുകളുണ്ട്. രാമപുരം ജങ്ഷനില്‍ വീതി കുറഞ്ഞ സ്ഥലത്ത് തിരക്കുള്ള റോഡായിരുന്നിട്ട് പോലും ഹൈവേ പോലീസ് വാഹനപരിശോധന നടത്തുകയായിരുന്നു.

ഇതിനിടെയാണ് ഇവര്‍ അതുവഴി ബൈക്കില്‍ എത്തിയത്. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ബൈക്കിന്റെ പിന്നിലിരുന്ന ആളുടെ കൈയില്‍ പിടിച്ച് വലിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് ഹൈവൈ പോലീസിന്റെ വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. നിലത്തു വീണവരെ എഴുന്നേല്‍പ്പിക്കുവാന്‍ പോലും പോലീസ് തയാറായില്ല.

ഇതോടെ നാട്ടുകാര്‍ പോലീസിനെ വളഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് ആദ്യം തയാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതോടെ പോലീസ് വാഹനത്തില്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂവാറ്റുപുഴ ഹൈവേ പോലീസാണ് പരിശോധനയ്ക്ക് എത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.

 

Related posts