കൂത്താട്ടുകുളം: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനും നിയമ യുദ്ധത്തിനുമൊടുവിൽ ആരംഭിച്ച കൂത്താട്ടുകുളം സ്റ്റേഡിയം നിർമാണ പ്രവൃത്തികൾ ഇഴയുന്നു. ഇതോടെ കൂത്താട്ടുകുളത്തിനു സ്വന്തമായൊരു കളിസ്ഥലം എന്ന നാടിന്റെ സ്വപ്നം യാഥാർഥ്യമാകാൻ ഇനിയും നാളുകളെടുക്കും. നിലവിൽ കരാറുകാരനും നഗരസഭയും തമ്മിലുള്ള തർക്കങ്ങൾമൂലം വീണ്ടും നിർമാണം നിർത്തിവച്ചിരിക്കുകയാണ്.
സ്റ്റേഡിയം നാടിനു നഷ്ടമായേക്കുമെന്ന ഭീതിയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. നഗരത്തിൽ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് മുന്പ് സ്റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിരുന്നത്. 2003ൽ ആരംഭിച്ച സ്റ്റേഡിയം നിർമാണം വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. മുന്പു മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൂത്താട്ടുകുളത്ത് ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന കെഎസ്ആർടിസി ഡിപ്പോയ്ക്കായി സ്റ്റേഡിയം നിർമിക്കാനായി കണ്ടെത്തിയ സ്ഥലം വിട്ടു നൽകേണ്ടി വന്നിരുന്നു.
സ്റ്റേഡിയം നാടിനു നഷ്ടമാകുമെന്ന അവസ്ഥയെത്തിയപ്പോൾ ഒരു വിഭാഗം നട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ച് ഡിപ്പോ നിർമാണവുമായി ബന്ധപ്പെട്ട് സ്റ്റേയും വാങ്ങിയിരുന്നു. സ്റ്റേഡിയത്തിനുള്ള സ്ഥലം ഡിപ്പോയ്ക്കായി മാറ്റുകയാണെങ്കിൽ പകരം സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തണമെന്ന് അന്നു നിർദ്ദേശമുണ്ടായിരുന്നു.
തുടർന്നു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ടി.എം.ജേക്കബ് മുൻ കൈയെടുത്ത് കൂത്താട്ടുകുളം ഡിപ്പോ സാക്ഷാത്കരിക്കുകയും കൂത്താട്ടുകുളത്ത് സ്റ്റേഡിയം നിർമിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പ്രശ്നം അവസാനിച്ചത്. ഡിപ്പോയ്ക്കു വിട്ടു നൽകിയ സ്ഥലത്തിന്റെ ബാക്കിയുള്ള 50 സെന്റ് പിന്നീട് സിവിൽ സപ്ലൈസ് ഹൈപ്പർ മാർട്ടിനും നൽകി.
എന്നാൽ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം സ്റ്റേഡിയം നിർമാണത്തിനായി ദേവാമാതാ ആശുപത്രിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തുകയും അനൂപ് ജേക്കബ് എംഎൽഎ 1.1 കോടി അനുവദിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ 60 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളും നടന്നിരുന്നു. പിന്നീടു നിർമാണ പ്രവർത്തനങ്ങൾക്കു വേഗത കുറഞ്ഞു. ഗാലറി, ഓട എന്നിവയുടെ നിർമാണം, പുല്ല് പിടിപ്പിക്കൽ തുടങ്ങിയവയാണ് നിലവിൽ നടക്കാനുള്ളത്.
നഗരസഭയുടെ നിസംഗതയും പിടിപ്പുകേടുമാണ് പ്രശ്നത്തിനു പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അനുവദിക്കപ്പെട്ട തുകയിൽ 50 ലക്ഷത്തിന്റെ നിർമാണ പ്രവർത്തനം ഇനിയും നടക്കാനുണ്ട്. ആദ്യ ഘട്ടമായി അനുവദിച്ച തുക പൂർണമായി വിനിയോഗിച്ച ശേഷമേ രണ്ടാം ഘട്ട തുക അനുവദിക്കുകയുള്ളൂവെന്നാണ് എംഎൽഎയുടെ നിലപാട്.