ചാലക്കുടി: ടെൻഡർ നടപടികൾ കഴിഞ്ഞ് രണ്ട് വർഷത്തിലേറെ കഴിഞ്ഞിട്ടും ശോചനിയമായ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താത്തതിലും ഭരണസ്തംഭനത്തിലും പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
വിവിധ വാർഡുകളിൽ ശോചനീയമായ റോഡുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്പോൾ ഭരണകക്ഷിയിലെ ചില കൗണ്‍സിലർമാരുടെ വാർഡുകളിൽ ഗുണനിലവാരമുള്ള റോഡുകൾ പൊളിച്ച് ടൈൽ വിരിച്ച് ലക്ഷങ്ങൾ ധൂർത്ത് അടിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ഏഴാം വാർഡിലെ ഹോളിഫാമിലി കോണ്‍വെന്റ് ബൈലൈൻ, നോവൽറ്റി ബൈലൈൻ, 24-ാം വാർഡ് മോനപ്പിള്ളി അന്പലം ബൈലൈൻ, 32-ാം വാർഡ് വി.ആർ. പുരം ഗ്രീൻവാലി റോഡ്, 26-ാം വാർഡിലെ തനയൻകാട്ടിൽ അന്പലം ബൈലൈൻ, 34-ാം വാർഡ് പാലിയംപാടം കമ്യൂണിറ്റി ഹാൾ റോഡ്, 35-ാം വാർഡ് ആശ്രമം-റബർതോട്ടം ബൈലൈൻ എന്നീ റോഡുകളുടെ നിർമാണങ്ങളാണ് മുടങ്ങിക്കിടക്കുന്നത്.
നഗരസഭയുടെ കീഴിലുള്ള വിവിധ സർക്കാർ വിദ്യാലയങ്ങളുടെ അറ്റകുറ്റപണികൾ പോലും സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോഴും നടന്നിട്ടില്ല. തെരുവ് വിളക്കുകൾ അറ്റകുറ്റപണികൾ നടത്തുന്ന കാര്യത്തിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രധാന വികസന പ്രവർത്തനങ്ങളെല്ലാം സ്തംഭനാവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടി. ഏഴാം വാർഡിലെ വായനശാലയിൽ പുസ്തകങ്ങൾ വാങ്ങി തുറന്നു പ്രവർത്തിക്കാത്തതിലും ഭരണസ്തംഭനത്തിലും പ്രതിഷേധിച്ചു ഭരണകക്ഷിക്കുള്ളിലെ അധികാരത്തർക്കവും പിടിവലിയും മൂലം വികസന പ്രവർത്തനങ്ങൾ അവതാളത്തിൽ ആയിരിക്കുകയാണെന്നും പദ്ധതികൾ പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പൻ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ മേരി നളൻ, ആലീസ് ഷിബു, സരള നീലങ്കാട്ടിൽ, ജിയോ കിഴക്കുംതല, എം.പി.ഭാസ്കരൻ, എം.എ.ജോസ്, ജോയി ചാമവളപ്പിൽ, വർഗീസ് മാറോക്കി, ആനി പോൾ, സൂസമ്മ ആന്റണി, സുമ ബൈജു, ബിജു എസ്. ചിറയത്ത് എന്നിവർ നേതൃത്വം നൽകി.