മുഹമ്മ: മകളുടെ ആവശ്യപ്രകാരം വാങ്ങിയ കുതിര പ്രസവിച്ചതിന്റെ ആഹ്ളാദത്തിലാണ് മുഹമ്മ കാട്ടിപ്പറമ്പിൽ അനീഷിന്റെ കുടുംബം.
തലേദിവസം പശുത്തൊഴുത്തിനു സമീപം കെട്ടിയിരുന്ന കുതിര, നേരം പുലർന്നപ്പോൾ കുട്ടിയുമായി നിൽക്കുന്നതാണ് വീട്ടുകാർ കണ്ടത്. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സ്നേഹലാളനകളാൽ മൂടുകയാണ് അനീഷും കുടുംബവും.ട
ആദ്യം തള്ളക്കുതിരയോട് ഒട്ടിനിന്ന കുട്ടിക്കുതിര ഇപ്പോൾ വീട്ടുകാരുമായും ചങ്ങാത്തത്തിലായി. വീടിന് അകത്തും പുറത്തുമെല്ലാം യഥേഷ്ടം വിഹരിക്കുകയാണ്.
മാരുതി ഉദ്യോഗമണ്ഡലിൽ ഉദ്യോഗസ്ഥാനായിരുന്ന അനീഷ് കോവിഡ് കാലത്ത് ജോലി രാജിവച്ചു പശുവളർത്തലിലേക്കു തിരിഞ്ഞു.
നാടൻപശു ഇനങ്ങൾക്കൊപ്പം മുന്തിയ ഇനം നായ്ക്കളേയും വളർത്താൻ തുടങ്ങി. മാതാവ് ചന്ദ്രമതിയും മുഹമ്മ കെ.ഇ കാർമ്മൽ സ്കുളിൽ അധ്യാപികയായ ഭാര്യ രൂപയും മകൾ തീർഥയുമെല്ലാം പുതിയ തൊഴിലിൽ അനീഷിന് താങ്ങും തണലുമായി നിന്നു.
തൃശൂരിലെ സുഹൃത്തുവഴിയാണ് കുതിരയെ വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കുതിര ഗർഭിണിയാണെന്നു മനസിലായത്.