തൃശൂർ: കുതിരാനിൽ റോഡിന്റെ ടാറിംഗ് പണി പൂർത്തിയായാലും കുരുക്ക് പുർണമായും ഇല്ലാതാകണമെങ്കിൽ തുരങ്കം തുറക്കാതെ കഴിയില്ലെന്നതാണ് യഥാർഥ വസ്തുത. ഒരു തുരങ്കത്തിന്റെ നിർമാണം പൂർത്തായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അതിനുള്ള അനുമതി നൽകാൻ മുഖ്യമന്ത്രിയും വനം വകുപ്പും തയ്യാറായിട്ടില്ലെന്നതാണ് ഏറെ പ്രതിഷേധം ഉയർത്തുന്നത്. ആരുവരി പാതയുടെ നിർമാണത്തിന്റെ ചുമതല മുഴുവൻ കേന്ദ്ര സർക്കാരിനാണെന്നു പറഞ്ഞ് രക്ഷപെടാനുള്ള സർക്കാരിന്റെയും ജനപ്രതിനിധിയുടെയും വാദത്തിന് തിരിച്ചടിയായിരിക്കയാണിപ്പോൾ.
കുതിരാൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പരസ്യമാക്കി ടി.എൻ.പ്രതാപൻ എംപി രംഗത്തെത്തിയതോടെ ജനരോഷം സംസ്ഥാന സർക്കാരിനെതിരെയും തിരിഞ്ഞിരിക്കയാണിപ്പോൾ. ഇപ്പോഴും മണിക്കൂറുകളോളം് കുരുക്കിൽ കിടന്നാണ് ആളുകൾ പാലക്കാട് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. കുതിരാനിൽ ഒരു തുരങ്കം തുറന്നുകൊടുക്കുന്നതിന് ആവശ്യമായ വനഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ടി.എൻ പ്രതാപൻ എംപി കുറ്റപ്പെടുത്തി.
കുതിരാനിലെ ഒരു തുരങ്കം തുറക്കാതെ ദേശീയപാതയിലെ ഗതാഗതപ്രശ്നം പരിഹരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ഒരു തുരങ്കം തുറക്കണമെന്ന ആവശ്യമുയരുന്നത്. പാലക്കാട് നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ നിർമാണ ജോലികൾ 90 ശതമാനവും പൂർത്തിയായി. എന്നാൽ തുരങ്കം തുറക്കണമെങ്കിൽ അപകടകരമായ പാറക്കെട്ടുകൾ നീക്കം ചെയ്യുന്നതിനു 1.413 ഹെക്ടർ ഭൂമി ആവശ്യമാണ്.
ഇതു കൂടാതെ ദേശീയപാത അതോറിറ്റിയുടെ സെക്യൂരിറ്റി വിഭാഗത്തിന്റെ സുരക്ഷാ പരിശോധനയും അഗ്നി സുരക്ഷാ സേനയുടെ സർട്ടിഫിക്കറ്റും ആവശ്യമാണ്. വനഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഫെബ്രുവരിയിൽ വനം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ ഈ അപേക്ഷ പ്രിൻസിപ്പൽ കണ്സർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ കൈവശമായിരുന്നു. ഇപ്പോൾ വൈൽഡ് ലൈഫ് ബോർഡിന്റെ കീഴിലാണ്. സംസ്ഥാന സർക്കാർ വനഭൂമി വിട്ടുലഭിക്കാനുള്ള അപേക്ഷ ഉടൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നൽകണമെന്ന് ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. അപേക്ഷയുടെ പകർപ്പെങ്കിലും തങ്ങൾക്ക് തന്നാൽ എല്ലാ എംപിമാരും ചേർന്ന് കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങാനുള്ള നടപടെയുക്കാമെന്നും പ്രതാപൻ പറഞ്ഞു.