കുതിരാൻ/തൃശൂർ: ദേശീയപാത കുതിരാനിൽ നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ലോറികളും കാറും ഉൾപ്പെടെ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.
മരിച്ച മൂന്നു പേരിൽ രണ്ടുപേർ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നവരാണ്. ലോറി ചെന്നിടിച്ച കാറിലെ യാത്രക്കാരനാണ് മരിച്ച മൂന്നാമത്തെ ആൾ. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. കണ്ണന്പ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷ്, നിഖിൽ എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ.
പാലക്കാടു ഭാഗത്തുനിന്നു വരികയായിരുന്ന ചരക്കുലോറിയാണ് കുതിരാനിൽ വൻ അപകടത്തിനിടയാക്കിയത്. അപകടത്തിൽപെട്ട വാഹനങ്ങളെല്ലാം പാലക്കാട് ഭാഗത്തുനിന്ന് വരികയായിരുന്നു .
ദേശീയപാതയിൽ കുതിരാൻ ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കെ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ചരക്കുലോറി മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിന് മീതെ പാഞ്ഞു കയറി.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേർ തൽക്ഷണം മരിച്ചു.
തുടർന്ന് മുന്നിൽ പോവുകയായിരുന്ന ടെന്പോ ട്രാവലറിൽ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളെയും ഇടിച്ചിട്ട് കാറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്നവരിൽ ഒരാൾ അപ്പോൾ തന്നെ മരിച്ചു . രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹൈവേ പോലീസിന്റെയും പീച്ചി പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങി.
പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുവായൂരിലേക്ക് കുട്ടിയുടെ ചോറൂണിന് പോകുകയായിരുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കുകളില്ല.
ബ്രേക്ക് പൊട്ടിയതിനെ തുടർന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായതെന്നു സൂചനയുണ്ട്. അപകടത്തെ തുടർന്ന് കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.