പട്ടിക്കാട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുതിരാനിലെ തുരങ്കയാത്രയെന്ന സ്വപ്നം യാഥാർഥ്യമായപ്പോൾ നാട്ടിലെ ജനങ്ങൾക്ക് അതൊരു ആഘോഷമായിരുന്നു.
എന്നാൽ ഇതിനെല്ലാം പിറകിൽ നിയമവഴികളിൽ ശക്തമായ പോരാട്ടം നടത്തിയ ഒരു അഭിഭാഷകനുണ്ടായിരുന്നു – അഡ്വ ഷാജി ജെ. കോടങ്കണ്ടത്ത്.
2009 ഓഗസ്റ്റ് 24ന് ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയും തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ ഉണ്ടാക്കിയ കരാർപ്രകാരമാണ് ദേശീയപാതയുടെ നിർമാണം ആരംഭിക്കുന്നത്.
ദേശീയപാത അഥോറിറ്റി നിശ്ചയിച്ച സെക്യൂരിറ്റി മാനുവൽ അനുസരിച്ചായിരുന്നു പണികൾ മുന്നോട്ടുപോകേണ്ടിയിരുന്നത്. എന്നാൽ, തുടക്കംമുതൽ സുരക്ഷാനിബന്ധനകൾ പാലിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അനേകരുടെ ജീവനാണ് എടുത്തത്.
ഇതേത്തുടർന്നാണ് ദേശീയപാത അഥോറിറ്റിക്കും കരാർ കന്പനിക്കും എതിരേ ഷാജി വക്കീൽ തന്റെ നിയമപോരാട്ടങ്ങൾ ആരംഭിക്കുന്നത്.
2016ൽ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2017ൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്തു.
തുടർന്നു കോടതിയലക്ഷ്യ ഹർജിയിൽ ഉദ്യോഗസ്ഥരോടു നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.2018ലും 2020ലും റോഡ് തകർന്നതിനെതുടർന്ന് അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇടക്കാല ഹർജി നൽകി.
നന്നാക്കിയ റോഡ് വെട്ടിപ്പൊളിച്ചു കേബിൾ ഇടുന്നതു തടയുവാൻ പവർ ഗ്രിഡ് കോർപറേഷന് എതിരേ നല്കിയ ഹർജിയിൽ കോടതി ഇടപെട്ടു.
2009 ഓഗസ്റ്റ് 24 മുതൽ ദേശീയപാതയിൽ ഉണ്ടായ മരണങ്ങളിൽ ദേശീയപാത അഥോറിറ്റിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരേ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുൻപാകെ നൽകിയ ഹർജിയിൽ പീച്ചി പോലീസ്, ദേശീയപാത അഥോറിറ്റി ചെയർമാൻ, കരാർ കന്പനി മാനേജ്മെന്റ് തുടങ്ങിയവർക്കെതിരെ നരഹത്യക്കു കേസെടുത്തിരുന്നു.
ദേശീയപാത നിർമാണത്തിലെ അഴിമതിക്കും കരാർ ലംഘനത്തിനും എതിരേ ദേശീയ വിജിലൻസ് കമ്മീഷനു പരാതി നൽകി. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയുടെ പണികൾ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയും തുടർന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ചെയ്തു.
ഒടുവിൽ ഒരു തുരങ്കമെങ്കിലും തുറക്കണം എന്നാവശ്യപ്പെട്ട് 2020 മാർച്ചിൽ ഹൈക്കോടതിയിൽ ഹർജി നൽകി. 2020 ഡിസംബറിനുള്ളിൽ ഒരു തുരങ്കം തുറക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും അതു വൈകിയതിനെതുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടർന്നാണ് 2021 ജൂലൈ 31ന് ആദ്യ തുരങ്കം തുറന്നത്.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ കരാർപ്രകാരം പൂർത്തീകരിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതുവരെ നിയമ പോരാട്ടങ്ങളുമായി ജനങ്ങൾക്കൊപ്പം നിൽക്കാൻതന്നെയാണ് കെപിസിസി സെക്രട്ടറികൂടിയായ ഷാജിയുടെ തീരുമാനം.