പട്ടിക്കാട്: ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി കുതിരാൻ കയറ്റം തുടങ്ങുന്നിടത്ത് ബൈക്ക് യാത്രികൻ കുഴിയിലും ചെളിയിലും പെട്ട് മറിഞ്ഞ് ട്രെയിലർ ലോറി കയറി മരിച്ചു. വടക്കഞ്ചേരി കണക്കൻതുരുത്തി പല്ലാറോഡ് നാണുവിന്റെ മകൻ മുരളി (52) ആണ് മരിച്ചത്.
ഇന്നു രാവിലെ 9.30നാണ് അപകടം. വടക്കഞ്ചേരി രജിസ്ട്രേഷനിലുള്ള കെ.എൽ. 49 കെ. 130 നന്പറിലുള്ള ഹീറോ സ്പ്ലെൻഡർ ബൈക്കിൽ സഞ്ചരിച്ചിരിച്ചിരുന്ന ആളാണ് അപകടത്തിൽപെട്ടത്. തലയിലൂടെ ലോറി കയറിയിറങ്ങി. ദേശീയപാതയിൽ മഴക്കാലം തുടങ്ങിയപ്പോൾ മുതൽ മണ്ണുത്തി, മുടിക്കോട്, പീച്ചി റോഡ്, ചെന്പൂത്ര, പട്ടിക്കാട്, വഴക്കുംപാറ എന്നിവിടങ്ങളിൽ വൻ കുഴികൾ രൂപപ്പെട്ടിരിക്കയാണ്.
ഇവിടങ്ങളിൽ നിരന്തരം ബൈക്കുകളും മറ്റും അപകടത്തിൽ പെടാറുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടാറാണ് പതിവ്. തൃശൂരിലെ വെൽഡിംഗ് വർക്ക്ഷോപ്പിലെ ജീവനക്കാരനായ മുരളി വീട്ടിൽ നിന്നും രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്പോഴായിരുന്നു അപകടം.ഭാര്യ പങ്കജം. അമ്മ തങ്ക. മക്കൾ: ഗീതു, നിധിൻ. സഹോദരങ്ങൾ ശിവൻകുട്ടി. ശിവാനന്ദൻ, സാവിത്രി.
അപകടത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റിപ്രസിഡന്റ് കെ.പി.അഭിലാഷിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കളക്ടർ സംഭവസ്ഥലത്ത് എത്തണമെന്നാണ് ഇവരുടെ ആവശ്യം.
അപകടത്തെയും ഉപരോധത്തെയും തുടർന്ന് തൃശൂർ – പാലക്കാട് ദേശീയപാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് സമരം നടത്തിയവരെ അറസ്റ്റുചെയ്തു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.