വടക്കഞ്ചേരി: വാഹനത്തിരക്ക് കൂടിയതോടെ കുതിരാനിലെ ഗതാഗതക്കുരുക്കും മുറുകി. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏതു സമയവും വാഹനക്കുരുക്കിൽ കുടുങ്ങുകയാണു കുതിരാൻ. ചില സമയങ്ങളിൽ മണിക്കൂറോളം നീളുന്ന കുരുക്കും ഉണ്ടാകും. കണ്ടെയ്നറോ മറ്റു ചരക്കു ലോറികളോ കുതിരാൻ വളവുകളും കയറ്റവും കയറിയിറങ്ങാൻ വൈകിയാൽ അതിനു പിന്നാലെ വാഹനവ്യൂഹം തന്നെയുണ്ടാകും. എവിടെയെങ്കിലും ഒരു വാഹനം കേടുവന്ന് കിടന്നാൽ പിന്നെ കുരുക്ക് എത്ര സമയം നീളുമെന്നു പറയാനാകില്ല.
വാഹനങ്ങൾ നിയന്ത്രിച്ചു വിടാൻ പോലീസിന്റെ സാന്നിധ്യമില്ലെങ്കിൽ ലൈനുകൾക്കുള്ളിലൂടെ ചില വാഹനങ്ങൾ കുത്തിക്കയറി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ പോക്ക് പൂർണമായും തടസപ്പെടുത്തും. പിന്നെ ചീത്തവിളിയും വാഗ്വാദങ്ങളുമാകും. അവധിക്കാല യാത്രകൾ കൂടിയതോടെയാണു ദേശീയപാതയിൽ വാഹനപ്പെരുപ്പം ഇരട്ടിച്ചിട്ടുള്ളത്. അതേസമയം, കാലവർഷത്തിൽ മഹാദുരന്തമാണ് കുതിരാനിൽ കാത്തിരിക്കുന്നത്.
തുരങ്കപ്പാതകളുടെ വഴുക്കുംപ്പാറ ഭാഗത്ത് നിലവിലുള്ള റോഡ് തകർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ മുപ്പതടി ഉയരത്തിൽ മണൽചാക്കുകൾ അട്ടിയിട്ടാണു റോഡിന്റെ ഒരു വശം നിലനിർത്തിയിട്ടുള്ളത്. മഴ ആരംഭിക്കുന്നതോടെ ഇത് ഇടിഞ്ഞുതകരും. കുതിരാൻ ക്ഷേത്രത്തിനടുത്തും ഇത്തരം അപകടക്കെണിയുണ്ട്. നിലവിലുള്ള റോഡ് തകർന്നാൽ കുതിരാൻ യാത്ര മുടങ്ങും.
നിർമാണം 90 ശതമാനവും പൂർത്തിയായെന്നു പറയുന്ന ആദ്യ തുരങ്കപ്പാതയായ ഇടതു തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ഇനിയും സുരക്ഷാ പരിശോധനകൾ ഏറെ നടത്തേണ്ടതുണ്ട്. കരാർ കന്പനിയുടെ സ്വാധീനത്തിൽ തുരങ്കപ്പാതയ്ക്ക് യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്നു റിപ്പോർട്ടുകളും രേഖകളും ഉണ്ടാക്കുന്നുണ്ടെങ്കിലും തുരങ്കപ്പാതയുടെ നിർമാണത്തിനു മേൽനോട്ടം വഹിച്ചവർ തന്നെ രഹസ്യമായി തുരങ്കപ്പാതയുടെ ബലക്ഷയം ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ മഴക്കാലത്ത് ശക്തമായ ഉറവ ഇരു തുരങ്കത്തിലുമുണ്ടായിരുന്നു. ശക്തമായ സ്ഫോടനത്താൽ തുരങ്കത്തിലെ പാറകൾ പൊട്ടിച്ചിരുന്നതിനാൽ പാറകൾക്ക് സംഭവിച്ച വലിയ വിള്ളലുകൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് വിലയിരുത്തൽ. തുരങ്കത്തിനു മുകളിലെ മണ്ണിടിച്ചിൽ തടയുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ തുരങ്കപ്പാതകളുടെയും ആറുവരിപ്പാതയുടെയും നിർമാണ ജോലികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. പണികൾ എന്ന് പുനരാരംഭിക്കുമെന്ന് ആർക്കും വ്യക്തതയില്ല.കേന്ദ്ര സർക്കാരിനേയും നാഷണൽ ഹൈവെ അഥോറിറ്റിയേയും പഴിചാരി സംസ്ഥാന സർക്കാർ ദേശീയപാതയെ അവഗണിക്കുന്നത് ശക്തമായ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. എത്രയും വേഗം റോഡ് പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടാൻപ്പോലും സംസ്ഥാന സർക്കാർ തയാറല്ലെന്നാണ് ആരോപണം.