വടക്കഞ്ചേരി: മഹാശാപമായി കുതിരാൻ റോഡ്. 15 മണിക്കൂർ പിന്നിട്ടും കുതിരാനിൽ വാഹന കുരുക്ക് തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ. കുതിരാൻ ബ്ലോക്കിനെ തുടർന്ന് തൃശൂർ -പാലക്കാട്, തൃശൂർ ഗോവിന്ദാപുരം എന്നീ റൂട്ടുകളിലെ ബസ് സർവ്വീസ് ഭാഗികമായി. മുന്നൂറോളം ബസുകളുള്ളതിൽ പകുതിയിൽ കൂടുതലും ബസുകൾ ഇന്ന് രാവിലെ ഓടിയില്ല. ഇതുമൂലം നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു.
പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങി. കുതിരാൻ കടക്കാനാകാതെ പല ബസുകളും വടക്കഞ്ചേരി- പാലക്കാട് റൂട്ടിൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറിന് തുടങ്ങിയ കുരുക്കാണ് തുടരുന്നത്. കൊന്പഴമുതൽ വഴുക്കുംപാറ വരെയുള്ള രണ്ടര കിലോമീറ്ററിനുള്ളിൽ ഇന്നലെ വൈകീട്ട് നാല് വാഹനങ്ങൾ കേട് വന്നതായി ഹൈവേ പോലീസ് പറഞ്ഞു.
കേടുവന്ന വാഹനങ്ങൾ മാറ്റിയിട്ടെങ്കിലും വാഹന പെരുപ്പത്തിൽ കുരുക്ക് അഴിക്കാനാകാതെ പോലീസും പ്രദ്ദേശത്തെ നാട്ടുകാരും ഏറെ കഷ്ടപ്പെട്ടു. രാത്രി മുഴുവൻ പോലീസും കൊന്പഴയിൽ നാട്ടുകാരും നിന്നാണ് വാഹനങ്ങൾ നിയന്ത്രിച്ച് വിട്ടിരുന്നത്. എന്നാൽ പുലർച്ചെ മൂന്ന് മണിക്ക് ശേഷം പോലീസിന്റെ സേവനം കുറഞ്ഞതോടെ വാഹനങ്ങൾ കുത്തിക്കയറ്റി ഇന്ന് രാവിലെ കുരുക്ക് രൂക്ഷമാക്കി.
കുതിരാനിൽ നിന്നും മൂന്ന് കിലോമീറ്റർ മാറി ഈ ഭാഗത്ത് വാണിയന്പാറ വരേയും മറുഭാഗത്ത് ചുവന്ന മണ്ണ് കടന്നും ആയിരകണക്കിന് വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടന്നു. കുരുക്കിൽപ്പെട്ടാൽ പിന്നെ അവിടെ നിന്നും വാഹനം മാറ്റിയിടാൻ പോലും കഴിയില്ല. മണിക്കൂറുകൾ വാഹനത്തിനുള്ളിൽ തന്നെ കഴിയണം. ഇടയ്ക്ക് വാഹനം നിരക്കി മുന്നോട്ട് പോകണം. പിന്നേയും കിടപ്പ് തന്നെ.
മിക്ക രാത്രികളിലും ഇപ്പോൾ കുതിരാനിൽ കുരുക്കുണ്ട്. ഇത് മാറി കിട്ടണമെങ്കിൽ ഉച്ചയാകും. പിന്നെ മുന്നോ നാലോ മണിക്കൂർ സമയം വേഗത്തിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും നിരങ്ങി നീങ്ങി കുതിരാൻ കടക്കാം. വൈകീട്ട് അഞ്ചിന് ശേഷം വാഹനങ്ങളുടെ എണ്ണം കൂടി കുരുക്ക് ആരംഭിക്കും.
ഇത് ദിവസങ്ങളായി തുടരുകയാണ്. കൊന്പഴ മുതൽ വഴുക്കുംപ്പാറ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തെയെങ്കിലും കുഴികൾ വാ തുറക്കാത്ത വിധം മൂടിയാൽ കുതിരാൻ കുരുക്ക് ഒഴിവാക്കാം. കേട് വരുന്ന വാഹനങ്ങൾ ഉടനടി മാറ്റിയിടാനും സംവിധാനമുണ്ടായാൽ രാത്രി കാലങ്ങളിൽ വാഹനങ്ങൾ കുതിരാനിൽ കുടുങ്ങുന്നത് ഒഴിവാക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മഴക്ക് ശമനമായതിനാൽ നല്ല രീതിയിൽ കുഴിയടക്കാനുള്ള നടപടികളും ഉണ്ടാകണം.