വടക്കഞ്ചേരി: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് രാവിലെ കുതിരാനിലൂടെയുള്ള വാഹന ഗതാഗതം വീണ്ടും സ്തംഭിച്ചു. ഇന്നലെ അർധരാത്രിയോടെ ആരംഭിച്ച കുരുക്ക് പത്ത് മണിക്കൂർ നീണ്ടു. കുതിരാൻ റോഡിൽ പലയിടത്തായി ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ കേടുവന്ന് നിന്നതും കുരുക്കിനിടയിലൂടെ ചില വാഹനങ്ങൾ കുത്തി കയറിയതുമാണ് കുരുക്ക് രൂക്ഷമാക്കിയത്.
കുതിരാനിൽ വാഹനങ്ങൾ കുടുങ്ങിയതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ ഇന്ന് രാവിലെ ബസ് സർവീസ് ഭാഗികമായിരുന്നു. ബസുകളെല്ലാം വടക്കഞ്ചേരി-പാലക്കാട് റൂട്ടിൽ മാത്രമാക്കി സർവ്വീസ് വെട്ടിക്കുറച്ചു. തൃശൂരിൽ നിന്നുള്ള ബസുകൾ പട്ടിക്കാട്, ചുവന്ന മണ്ണ് ഭാഗത്തും കുടുങ്ങി കിടന്നു.
അധ്യാപകരും വിദ്യാർഥികളും മറ്റു യാത്രക്കാരുമെല്ലാം വഴിയിൽപ്പെട്ടു. ഹൈവേ പോലീസും പീച്ചി പോലീസും കുതിരാനിലെ ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രവർത്തകരും മറ്റു യാത്രക്കാരുമെല്ലാം ഏറെ പണിപ്പെട്ടാണ് കുരുക്കിന് പരിഹാരം കണ്ടത്.
വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി രണ്ടും മൂന്നും മണിക്കൂർ എടുത്താണ് മൂന്ന് കിലോമീറ്റർ ഭാഗം കടന്നു പോയിരുന്നത്. നിരവധി വാഹനങ്ങൾ ചേലക്കര വഴിയും ഷൊർണൂർ വഴിയും തിരിഞ്ഞു പോയെങ്കിലും വാഹന പെരുപ്പത്തിൽ കുതിരാൻ സ്തംഭിക്കുകയായിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടക വാഹനങ്ങളുടെ എണ്ണവും കൂടിയതോടെ കുതിരാൻ വീണ്ടും കുരുക്കിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക പാതയെങ്കിലും അടിയന്തിരമായി വാഹനഗതാഗതത്തിന് സജ്ജമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.