വടക്കഞ്ചേരി: വാഹനങ്ങൾ ഓടിക്കാനാകാത്തവിധം കുതിരാനിലും മറ്റും റോഡ് പൂർണമായും തകർന്ന സാഹചര്യത്തിൽ നവംബർ ഒന്നുമുതൽ കുതിരാൻ വഴിയുള്ള തൃശൂർ – പാലക്കാട് റൂട്ടിലെ മുഴുവൻ ബസുകളും സർവീസ് നിർത്തിവയ്ക്കാൻ ഇന്നലെ ചേർന്ന ബസുടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാന്പാറ തുടങ്ങിയ റൂട്ടുകളിലെ ഇരുന്നൂറോളം സ്വകാര്യ ബസുകളാണ് അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്. നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള അധികൃതരുടെ അനാസ്ഥ മൂലം ഒന്നര പതിറ്റാണ്ടായി വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത ഗതാഗതയോഗ്യമല്ല. കുഴികൾ നിറഞ്ഞു വാഹനങ്ങൾ ഓട്ടം നിർത്തുന്പോൾ തട്ടിക്കൂട്ട് ഓട്ടയടയ്ക്കൽ നടത്തുന്ന സ്ഥിതിവിശേഷമാണ് തുടരുന്നത്.
ഇതു വാഹനക്കുരുക്കിനും അപകടങ്ങൾക്കും വാഹനങ്ങളുടെ കേടുപാടുകൾക്കും വഴിവ യ്ക്കുകയാണ്. ഇതു മൂലം വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. കുതിരാനിൽ മണിക്കൂറുകളോളം നീളുന്ന വാഹനക്കുരുക്ക് ഉണ്ടാകുന്പോൾ ബസുകൾ സൈഡിലൂടെ കയറിപ്പോകും. എന്നാൽ ഇതിനു വലിയ തുകയാണ് പിഴയായി പോലീസ് ചുമത്തുന്നതെന്ന് യോഗം ആരോപിച്ചു.
എം.എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. കെ.വി.ഹരിദാസ്, എം.കെ.ഉണ്ണികൃഷ്ണൻ, ആന്റോ ഫ്രാൻസിസ്, ബിബിൻ ആലപ്പാട്ട്, വി.എസ്.പ്രദീപ്, കെ.പി.സണ്ണി, ജോസ് കുഴുപ്പിൽ, കൃഷ്ണകിഷോർ, കെ.ആർ.അനന്തൻ, എൻ.എസ്.പവനൻ, പി.എസ്.രാജേഷ് എന്നിവർ പ്രസംഗിച്ചു.
അതേസമയം, ഇന്നലെ വൈകീട്ടും രാത്രിയിലും കുതിരാനിൽ മണിക്കൂറുകൾ നീണ്ട വാഹനക്കുരുക്കുണ്ടായി. കുഴികളിൽ ചാടി വാഹനങ്ങൾ കേടുവന്ന് റോഡിൽ നിൽക്കുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. അതിനിടെ, കുതിരാനിൽ യാത്ര ക്കാർ അനുഭവിക്കുന്ന ദുരിതം കാണാൻ തയാറാകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പാലക്കാടു വന്ന് മറ്റു വഴികളിലൂടെ തിരിച്ചുപോകുന്നതു ജനരോഷത്തിനു കാരണമാകുന്നുണ്ട്.