പട്ടിക്കാട്: കുതിരാനിൽ തുരങ്കത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം സംസ്ഥാന വനം വകുപ്പ് ആവശ്യമായ വനഭൂമി വിട്ടുകൊടുക്കാത്തതാണ് കാരണമെന്ന് തെളിഞ്ഞതായി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ആരോപിച്ചു. തുരങ്കത്തിന്റെ നിർമാണം മുഴുവൻ പൂർത്തിയാക്കാൻ വനഭൂമി വിട്ടുകിട്ടുന്നതിനായി അപേക്ഷ കൊടുത്തിട്ട് മാസങ്ങളായിട്ടും വനം വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല.
നിർമാണം പൂർത്തിയാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയും ചീഫ് വിപ്പായ ഒല്ലൂർ മണ്ഡലം എംഎൽഎ കെ.രാജനടക്കം സമരം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ഇതുവരെ ചെയ്തിരുന്നതെന്ന കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഒരു വർഷം മുന്പു തന്നെ തുരങ്കം തുറന്നു കൊടുക്കാൻ സാധിക്കുമായിരുന്നു.
എംപിമാരായ ടി.എൻ.പ്രതാപനും രമ്യ ഹരിദാസും പ്രത്യേക താൽപര്യമെടുത്ത് കേന്ദ്ര നേതാക്കളെ കണ്ടും ഉദ്യോഗസ്ഥരെ കണ്ടും തുക അനുവദിപ്പിച്ചാണ് കുതിരാനിൽ ടാറിംഗ് നടത്തിയതു തന്നെ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്ന് എംഎൽഎ ആയിരുന്ന എം.പി.വിൻസന്റ് ഇടപെട്ട് 19 കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്ന് അനുവദിപ്പിച്ചാണ് ടാറിംഗ് നടത്തിയത്.
ഇത്തവണ കുതിരാനിലെ യാത്രക്കാരുടെ ദുരിതം ഇല്ലാതാക്കാൻ ഭരണകക്ഷി വേണ്ടത്ര നടപടി സ്വീകരിക്കാതെ ജനരോഷം കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും ഉയർത്താനുള്ള നീക്കമാണ് നടത്തിയത്. പക്ഷേ ജനരോഷം ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഇത് മുതലെടുക്കാനുള്ള നീക്കമാണ് കോണ്ഗ്രസ് നടത്തുന്നത്.
ചീഫ് വിപ്പിന്റെ സ്വന്തം പാർട്ടിക്കാരനായ വനം മന്ത്രിയെ സ്വാധീനിച്ച് വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടിയെടുപ്പിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ 22ന് പട്ടിക്കാട്് ഫോറസ്റ്റ് ഓഫീസിനുമുന്പിൽ പ്രതിഷേധ ധർണ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ണുത്തിയിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അനിൽ അക്കര എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.സി.അഭിലാഷ് നേതൃത്വം നൽകും.