പട്ടിക്കാട്: കണ്ടെയ്നർ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ച് കുതിരാനിൽ വൻ ഗതാഗതകുരുക്ക്. ലോറികൾ മറിഞ്ഞ് ദേശീയപാത കുതിരാനിൽ വഴിയടഞ്ഞതോടെ തുരങ്കപാത ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇതോടെയാണ് അഞ്ചുമണിക്കൂറിലധികം നീണ്ട ഗതാഗതകുരുക്കിന് ശമനമായത്. ഇന്നുപുലർച്ചെ ഒന്നരയോടെയാണ് അപകടം. പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന ചരക്കു ലോറിയും തൃശൂർ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്നർ ലോറിയും കുതിരാൻ ഇരുന്പുപാലത്തിനു മുകളിൽ വച്ച് കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ പറ്റാതായി. ഇതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
അപകടത്തിൽ പരിക്കേറ്റ ചരക്കു ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി തമിൾശെൽവനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട ഇരുവാഹനങ്ങളും റോഡസൈഡിലേക്ക് മറിഞ്ഞതോടെ വാഹനങ്ങൾ കടത്തിവിടാനാകാതെ പോലീസും വലഞ്ഞു. അപകടമറിഞ്ഞ് ഹൈവേ പോലീസും പീച്ചി പോലീസും സ്ഥലത്തെത്തി. മഴയത്തും കുരുക്കൊഴിവാക്കാനുള്ള നടപടികളുമായി പോലീസ് ഏറെ പരിശ്രമിച്ചു. ഒടുവിൽ ഉന്നത പോലീസുദ്യോഗസ്ഥരുമായി സംസാരിച്ച് ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായത്.
പാലക്കാട് നിന്നു വരുന്ന വാഹനങ്ങളാണ് തുരങ്കപാതയിലൂടെ കടത്തിവിടാൻ ധാരണയായത്. പുലർച്ചെ നാലോടെ പാലക്കാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തുരങ്കപാതയിലൂടെ കടത്തിവിടാൻ ആരംഭിച്ചു. ഏഴോടെയാണ് ഗതാഗതകുരുക്കിന് ശമനമായത്. രാവിലെ തന്നെ അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽനിന്നും മാറ്റി. മഴയെത്തിയതോടെ കുതിരാനിലെ കുരുക്കഴിക്കാൻ തുരങ്കപാത തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പു മന്ത്രിയുമായി സംസാരിക്കുമെന്ന ടി.എൻ.പ്രതാപൻ എംപിയും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതുവരെ നടപടികളുണ്ടായില്ല. അപകടമുണ്ടായപ്പോഴാണ് തുരങ്കം തുറന്നുകൊടുക്കാൻ തീരുമാനമായത്. തുരങ്കത്തിന്റെ ഏതാണ്ട് എല്ലാ പണികളും പൂർത്തിയായിട്ട് മാസങ്ങളായി. സംസ്ഥാന സർക്കാരിന്റെയടക്കം അനുമതി ലഭിക്കാത്തതിനാലാണ് തുരങ്കം തുറന്നു കൊടുക്കാൻ സാധിക്കാത്തത്. തുരങ്കത്തിന്റെ മുന്പിലുള്ള മണ്ണും മറ്റും നീക്കുന്നതിനും കോണ്ക്രീറ്റ് ചെയ്യുന്നതിനും വനംവകുപ്പിന്റെയും അനുമതി ആവശ്യമാണ്.
ഈ അനുമതികൾ നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. തുരങ്കപാത സ്ഥിരമായി തുറന്നുകൊടുത്താൽ മാത്രമേ മഴക്കാലത്ത് കുതിരാനിലെ കുരുക്കൊഴിവാക്കാനാകൂ. ഒരു വർഷം മുന്പ് കഴിഞ്ഞ പ്രളയ സമയത്ത് തുരങ്കം തുറന്നു കൊടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം തുരങ്കപാതയിലൂടെയാണ് കടന്നു പോയത്. എന്നാൽ പ്രളയ ദുരിതം കഴിഞ്ഞതോടെ വീണ്ടും തുരങ്കം അടച്ചു.