വടക്കഞ്ചേരി: കുതിരാനിൽ തുരങ്കനിർമാണത്തിനിടെയുള്ള മണ്ണിടിച്ചിൽ നിലയ്ക്കുന്നില്ല. കഴിഞ്ഞദിവസവും ഇരുന്പുപാലം ഭാഗത്തെ രണ്ടാംതുരത്തിന്റെ വശങ്ങളിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. ഭീമാകാരമായ മണ്ണുകട്ടകൾ ഗുഹാമുഖത്തെത്തി. ഇവിടെ ഇരുപതു മീറ്ററോളം ഉയരത്തിലുള്ള മണ്തിട്ടകളാണ് ഇടിയുന്നത്.
തുരങ്കനിർമാണത്തിന്റെ തുടക്കംമുതൽക്കുള്ള അപായസൂചന ഇപ്പോഴും തുടരുകയാണ്. തുരങ്കത്തിൽനിന്നു മുന്നിലേക്കു തള്ളി സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ റിബ്സുകൾക്കു മുകളിലും മണ്ണിടിച്ചിലുണ്ട്. ഏതാനുംമാസംമുന്പ് ഇത്തരത്തിൽ മണ്ണിടിഞ്ഞ് ഒരു ഡസനോളം റിബ്സുകൾ ഉപയോഗശൂന്യമായി. ഇതെല്ലാം പിന്നീടു മാറ്റി സ്ഥാപിച്ചു.
ഏതുസമയവും വലിയ മണ്ണിടിച്ചിൽ സാധ്യത ഇവിടെ ഇപ്പോഴും നിലനില്ക്കുകയാണ്. ആറുവരിപ്പാതയുടെ പ്രധാന കരാർ കന്പനിയായ കെഎംസിയുടെ സാന്പത്തിക പ്രതിസന്ധിയെ തുടർന്നു കഴിഞ്ഞ നാലുദിവസമായി തുരങ്കനിർമാണം നിർത്തിവച്ചിരിക്കുന്നതിനാൽ മണ്ണിടിഞ്ഞുള്ള അപകടം ഒഴിവായി. തുടർച്ചയായ മഴയും പാറപൊട്ടിക്കുന്പോൾ ഭൂമിയിലുണ്ടാകുന്ന ചലനങ്ങളും മണ്ണിടിച്ചിലിന്റെ വേഗത കൂട്ടുന്നു.