വടക്കഞ്ചേരി: കരാർകന്പനിയുടെ അശാസ്ത്രീയമായ മണ്ണെടുക്കൽ മൂലം കുതിരാൻ തുരങ്കപാതയ്ക്കു മുന്നിലെ മണ്ണിടിച്ചിൽ നില്ക്കുന്നില്ല.
വലതുഭാഗത്തെ തുരങ്കപാതയോട് ചേർന്ന വലിയ മണ്‍തിട്ടയാണ് ഓരോദിവസവും ഇടിഞ്ഞുവീഴുന്നത്. സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലുള്ള വലിയ തെങ്ങ് ഉൾപ്പെടെയാണ് ഇടിഞ്ഞു താഴേയ്ക്ക് പതിക്കുന്നത്.
മഴ മാറിനിന്നിട്ടും മണ്ണിടിച്ചിൽ തുടരുന്ന സ്ഥിതി അപായസൂചനയാണെന്നാണ് വിലയിരുത്തൽ. തുരങ്കപാതയുടെ മുൻഭാഗം ബലപ്പെടുത്തുന്ന കൂറ്റൻ സ്റ്റീൽ റിബ്സുകൾക്കു മുകളിൽ മണ്ണിടിഞ്ഞ് വീണ് വലിയകേടുപാട് സംഭവിച്ചിരുന്നു.
ഇതേ തുടർന്ന് മണ്ണിടിച്ചിൽ നിയന്ത്രിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒരു വലിയ പ്രദേശം തന്നെ ഇപ്പോൾ മണ്ണിടിഞ്ഞു് ഇല്ലാതായി.
ഉറപ്പേറിയ സംരക്ഷണമതിൽ നിർമിച്ച് ഇനി വശങ്ങൾ ബലപ്പെടുത്തേണ്ടി വരും. പാതയുടെ മറ്റു പലഭാഗത്തും ഇത്തരത്തിൽ അശാസ്ത്രിയമായ മണ്ണെടുക്കൽമൂലം മണ്ണിടിച്ചിൽ തുടരുന്നുണ്ട്.
പന്നിയങ്കര, ചുവട്ടുപാടം, ചെമ്മണ്ണാംകുന്ന്, വാണിയന്പാറ, പട്ടിക്കാട് ഭാഗത്തെല്ലാം മണ്ണിടിച്ചിൽ വ്യാപകമാണ്. രണ്ടുവർഷത്തിലേറെയായി തുരങ്കപാത ഉൾപ്പെടെ പാത നിർമാണം നിർത്തിവച്ചതിനാൽ തുരങ്കപാത ഭാഗം ഇപ്പോൾ പൊന്തക്കാട് മൂടിയ നിലയിലാണ്.