പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന്റെ മുകൾവശം ഇടിഞ്ഞു. കുതിരാൻ ഇരട്ടതുരങ്കത്തിന്റെ കിഴക്കുഭാഗത്തെ കവാടത്തിന് മുകൾവശത്തെ ഷോട്ട്ക്രീറ്റ് ചെയ്തതാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകൾവശമാണ് ഇപ്പോൾ ഇടിഞ്ഞത്.
പുലർച്ചെ ആറോടെയാണ് ഇവിടം ഇടിഞ്ഞു തുടങ്ങിയത്. ഷോട്ട്ക്രീറ്റ് ചെയ്ത ഈ ഭാഗം അധികം ഉറപ്പില്ലാത്ത മണ്ണാണ്. വനഭൂമിയായതിനാൽ ഇവിടെ ധാരാളം മരങ്ങളുണ്ട്. ഈ അപകടം മുന്നിൽ കണ്ടുകൊണ്ട് തുരങ്കത്തിന്റെ നിർമാണ ചുമതലയുള്ള പ്രഗതി ഗ്രൂപ്പ് 15 മീറ്റർ മുന്നോട്ട് നീക്കിയാണ് പ്രധാന കവാടം നിർമിച്ചിട്ടുള്ളത്.
ഈ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് ആറുമാസം മുന്പ് പ്രഗതി ഗ്രൂപ്പ് തുരങ്കത്തിനു മുകളിൽ ഇടതുവശത്തേക്കും വലതുവശത്തേക്കും വെള്ളം ഒഴുക്കുന്നതിനുവേണ്ടി കാച്ച് വാട്ടർ ഡ്രൈനേജ് നിർമിക്കുന്നതിനുവേണ്ടി വനം വകുപ്പിൽനിന്നും അനുമതി വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് കെഎംസിക്ക് കത്ത് നൽകിയിട്ടുണ്ട്. കെഎംസി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഈ ഡ്രൈനേജ് സംവിധാനം മുകളിലുണ്ടെങ്കിൽ ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകില്ലായെന്ന് പ്രഗതി ഗ്രൂപ്പ് അധികൃതർ പറയുന്നു. ജില്ലാ കളക്ടർ, പീച്ചി പോലീസ് എന്നിവർക്ക് ഇതുസംബന്ധിച്ച വിവരം പ്രഗതി ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.
കവാടത്തിനു മുന്നിൽ കിഴക്കും പടിഞ്ഞാറുമുള്ള തുരങ്ക മുഖങ്ങളിൽ ഇതുപോലെ അപകടഭീഷണിയുള്ള പാറക്കല്ലുകൾ പൊട്ടിച്ച് നീക്കാനുണ്ട്. എന്നാൽ ഇവ പൊട്ടിക്കാനുള്ള അനുമതിക്കായി ഓണ്ലൈൻ വഴി അപേക്ഷ നൽകിയിട്ടില്ലെന്ന് വനംവകുപ്പ് പറയുന്പോൾ അപേക്ഷ നൽകിയെന്ന് എൻഎച്ച്ഐ അവകാശപ്പെടുന്നു.