സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കാൻ 1.4318 ഹെക്ടർ വനഭൂമി നിബന്ധകളോടെ വിട്ടുകൊടുക്കാൻ സംസ്ഥാന വനംവകുപ്പ് ശിപാർശ ചെയ്തു. കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് കേന്ദ്ര സർക്കാരിന്റെ ബംഗളൂരുവിലെ മിനിസ്ട്രി ഓഫ് എൻവയൺമെന്റൽ ഫോറസ്റ്റ് ക്ലൈമറ്റ് ചേയ്ഞ്ച് റീജണൽ ഓഫീസർക്കാണു ശിപാർശ നൽകിയത്.
കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. വിട്ടുകൊടുക്കുന്ന വനഭൂമിയിൽ 0.9984 ഹെക്ടർ പീച്ചി വൈൽഡ് ലൈഫിലും 0.433 ഹെക്ടർ തൃശൂർ ഫോറസ്റ്റ് റേഞ്ചിലുമാണുളളത്. 306 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടത്.
വനഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തരുത്, ഏറ്റെടുക്കുന്ന ഭൂമിക്ക് അതിരിടണം. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരസംഖ്യ ദേശീയപാത അഥോറിറ്റി കെട്ടിവയ്ക്കണം എന്നിവയടക്കമുളള 16 നിബന്ധനകൾ പ്രകാരമാണ് ഭൂമി വിട്ടുകൊടുക്കുാൻ ശിപാർശ ചെയ്തത്.
ഇനി കേന്ദ്ര സർക്കാരിന്റെ ഏജൻസിയായ മിനിസ്ട്രി ഓഫ് എൻവയണ്മെന്റൽ ഫോറസ്റ്റ് ക്ലൈമറ്റ് ചേയ്ഞ്ച് റീജണൽ ഓഫീസിൽനിന്നാണ് അനുമതി ലഭിക്കേണ്ടത്. തുരങ്കത്തിനു സമീപമുള്ള വനഭൂമി വിട്ടുകിട്ടാത്തതിനാൽ തുരങ്കത്തിനു മുകളിലും ചുറ്റുമുള്ള പ്രദേശങ്ങൾ ബലപ്പെടുത്തുന്ന പണി നടത്താനാകാതെ മുടങ്ങിക്കിടക്കുകയായിരുന്നു.
വനഭൂമി വിട്ടുകിട്ടിയാൽ പണിപൂർത്തിയാക്കി സുരക്ഷാ പരിശോധനകൾക്കുശേഷം ഒരു തുരങ്കപ്പാതയെങ്കിലും ഗതാഗതത്തിനു തുറന്നുകൊടുത്താൽ ഈ റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. വനഭൂമി വിട്ടുകിട്ടാൻ റോഡ് നിർമാണ കരാർ കന്പനി അപേക്ഷ നൽകിയത് ഒരു വർഷത്തോളം മുന്പാണ്.