വടക്കഞ്ചേരി: രണ്ടുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന കുതിരാനിലെ തുരങ്കപ്പാത നിർമാണം ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കാനാകുമെന്ന് ആറുവരിപ്പാത മെയിൻ കരാർ കന്പനിയായ കെഎംസി അധികൃതർ.നിർമാണം പുനരാരംഭിക്കുന്നതു സംബന്ധിച്ച് കെഎംസി അധികൃതരും തുരങ്കപ്പാതയുടെ നിർമാണ സബ്കരാർ എടുത്തിട്ടുള്ള പ്രഗതി എൻജിനീയറിംഗ് കന്പനി അധികൃതരും കഴിഞ്ഞദിവസം ഹൈദരാബാദിൽ ചർച്ചനടത്തിയിരുന്നു.
ഇതേ തുടർന്നാണ് ചില വ്യവസ്ഥകളോടെ സമവായ ധാരണയുണ്ടായിട്ടുള്ളത്.കെഎംസി കന്പനി തുരങ്കപ്പാതകൾ നിർമിക്കുന്ന പ്രഗതി എൻജിനീയറിംഗ് കന്പനിക്ക് 60 കോടി രൂപയൂടെ കുടിശിക നല്കാനുണ്ടെന്നാണ് കണക്ക്. 200 കോടി രൂപയാണ് രണ്ടു തുരങ്കപ്പാതകളുടെ നിർമാണത്തിനായി ചെലവ് കണക്കാക്കിയിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 24 മുതലാണ് കുടിശിക തുക ആശ്യപ്പെട്ട് പ്രഗതി കന്പനി തുരങ്കപ്പാതകളുടെ നിർമാണം നിർത്തിവച്ചത്. ആദ്യത്തെ ഇടതു തുരങ്കപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് രണ്ടാമത്തെ തുരങ്കപ്പാതയുടെ വഴുക്കുംപാറ ഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മഴക്കാലത്തിനുമുന്പ് രണ്ടു തുരങ്കപ്പാതകളും തുറക്കാനും ലക്ഷ്യംവച്ചിരുന്നു. എന്നാൽ ഇനി തുരങ്കപ്പാത തുറക്കൽ അനിശ്ചിതമായി നീളുമെന്നാണ് വിലയിരുത്തൽ.