വടക്കഞ്ചേരി: കുതിരാനിൽ തുരങ്കപ്പാതയുടെ ഇരുഭാഗത്തും അപകടാവസ്ഥയിലുള്ള പാറക്കല്ലുകൾ മാറ്റി സുരക്ഷ ഉറപ്പാക്കുന്ന പ്രവൃത്തി തുടങ്ങി. ഇരുന്പുപാലം ഭാഗത്ത് മുപ്പതടി ഉയരമുള്ള പാറക്കൂട്ടത്തിനു മുകളിൽ ഇളകി നിൽക്കുന്ന കല്ലുകൾ മാറ്റി അപ്രോച്ച് റോഡിന്റെ വശം ചെരിച്ച് ക്രമപ്പെടുത്തുമെന്ന് കരാർ കന്പനിയായ കെഎംസി അധികൃതർ പറഞ്ഞു.
തുരങ്കപ്പാതയുടെ പടിഞ്ഞാറുഭാഗത്തും (വഴുക്കുംപാറ ഭാഗം) ഇതേ രീതിയിൽ അപ്രോച്ച് റോഡിന്റെ വശങ്ങൾ ശരിയാക്കി സുരക്ഷിതമാക്കും. ഇതിനായി വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. കളക്ടർ ഇടപെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതിനാൽ വനംവകുപ്പിന്റെ അനുമതി വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞദിവസം തൃശൂർ കളക്ടർ ഡോ.എ. കൗശിഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തുരങ്കപ്പാതയും അപകടാവസ്ഥയിലുള്ള അപ്രോച്ച് റോഡിന്റെ വശങ്ങളും പരിശോധിച്ചിരുന്നു. ഇതേ തുടർന്നാണ് കളക്ടർ സ്ഥലത്ത് വച്ചുതന്നെ റോഡുസുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയത്.
ഇരുന്പുപാലം ഭാഗത്ത് അന്പതു മീറ്റർ ദൂരത്തിലും പടിഞ്ഞാറ് ഭാഗത്ത് ഇരുന്നൂറു മീറ്ററോളം ദൂരത്തിലും അപ്രോച്ച് റോഡിന്റെ വശങ്ങൾ ചെരിച്ചെടുക്കും. ഇവിടെ മലയിൽനിന്നു വലിയപാറകൾവീഴലും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ഭീമാകാരമായ മണ്തിട്ടകളാണ് ഇവിടെ ഇടിഞ്ഞ് റോഡിലെത്തുന്നത്. മഴക്കാലത്ത് ഈ ഭീഷണി കൂടുതൽ ശക്തമാകും.
അതേസമയം ഇടതുഭാഗത്തെ ആദ്യതുരങ്കപ്പാത വാഹനങ്ങൾക്കു തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് അന്തിമതീരുമാനമായിട്ടില്ല. ഒരു തുരങ്കത്തിലൂടെതന്നെ ഇരുദിശയിലേക്കും വാഹനങ്ങൾ കടത്തിവിടുന്നതിൽ അപകടസാധ്യതയുള്ളതിനാൽ പാലക്കാടുനിന്നും തൃശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾമാത്രം ഇതിലൂടെ വിടാനാണ് ആലോചന.
പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ക്ഷേത്രംവഴി നിലവിലുള്ള റോഡിലൂടെതന്നെ വിടും.തുരങ്കപ്പാതയിലെ പൊടി പുറത്തേക്കു തള്ളാനുള്ള സംവിധാനം പൂർണതോതിലായിട്ടില്ല. സിമന്റും പാറപ്പൊടിയുമാണ് തുരങ്കപ്പാതയിൽ നിറഞ്ഞുനിൽക്കുന്നത്.