തൃശൂർ: കുതിരാനിലെ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഇതേ സമയം കെഎസ്ആർടിസി ബസുകൾ ഇന്ന് സമരം നടത്തുന്നതോടെ ഈ റൂട്ടിൽ വീണ്ടും യാത്രാക്ലേശം രൂക്ഷമായി.
കുതിരാൻ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തുടങ്ങിയതായും അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും കളക്ടർ ബസുടമകളെ അറിയച്ചതോടെയാണു സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഇന്നലെ രാവിലെ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന ബസുടമകളുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം.
സർവീസ് തീരെ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് തങ്ങൾ എത്തിയതെന്നും ജനങ്ങളെ വലയ്ക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും നിവൃത്തികേട് കൊണ്ടാണെന്നും ബസുടമകളും തൊഴിലാളികളും അറിയിച്ചു.
എന്നാൽ അറ്റകുറ്റപ്പണികൾ കാര്യമായി നടത്തുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
പേരിന് മാത്രം അറ്റകുറ്റപ്പണികൾ നടത്തിയാൽ വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളത്. ഇരുചക്ര വാഹനക്കാർക്കു പോലും യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലുള്ള കുഴികളാണ് റോഡിൽ രൂപപ്പെട്ടിട്ടുള്ളത്. അറ്റകുറ്റപ്പണികൾ വിലയിരുത്താൻ കളക്ടർ തന്നെ രംഗത്തെത്തിയാലേ പ്രശ്നത്തിന് യഥാർഥ പരിഹാരം കാണാൻ സാധിക്കൂവെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.