സ്വന്തം ലേഖകൻ
തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ കുഴികൾ ഉടനേ അടയ്ക്കുമെന്ന് ദേശീയപാത അഥോറിറ്റി സിറ്റി പോലീസ് കമ്മീഷണർക്ക് ഉറപ്പുനൽകി. 4.35 കോടി രൂപ അടങ്കലുള്ള ടെൻഡർ സെപ്റ്റംബർ 18 ന് അംഗീകരിക്കും. ഒക്ടോബർ ഏഴിനു പണി തുടങ്ങും.
സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര വിളിച്ചുകൂട്ടിയ ഹൈവേ മാനേജ്മെന്റ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. തകർന്ന റോഡിലെ ഗതാഗത കുരുക്കിനും, വാഹനാപകടങ്ങൾക്കും കാരണമായ ദേശീയപാതയിലെ മരണക്കുഴികളുടെ അറ്റകുറ്റപ്പണിയാണ് യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്തുതീർക്കുക.
നിലവിലെ കരാറുകാരായ കെഎംസി കണ്സ്ട്രക്ഷൻസ് കന്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. റോഡിലെ കുഴികൾ അടയ്ക്കാനുള്ള പണി ഏറ്റെടുക്കുന്നതിനു കെഎംസിക്ക് താത്പര്യമില്ലാത്തപക്ഷം ദേശീയപാത അഥോറിറ്റി നേരിട്ട് ഇടപെടും. ടെൻഡർ അംഗീകരിച്ചാൽ 15 ദിവസത്തിനകം ടാറിംഗ് ആരംഭിക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങൾക്കു ബുദ്ധിമുട്ടായ മണ്ണുത്തി- മുളയം പ്രദേശങ്ങളിലെ രൂക്ഷമായ പൊടിശല്യം തടയാൻ നടപടിയെടുക്കണം. മുന്പ് കിണറുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളാണ് ഇന്നു സർവീസ് റോഡുകളായി ഉപയോഗിക്കുന്നത്. വലിയ ഗർത്തങ്ങളും കിണറുകൾക്കു സമാനമായ കുഴികളും റോഡുകളിലുണ്ട്.
കുഴിയടയ്ക്കലും ടാറിംഗും കാര്യക്ഷമമാക്കണമെന്നും അതീവ ശ്രദ്ധ വേണമെന്നും യോഗം ആവശ്യപ്പെട്ടു. അപകടത്തിലും, കുഴിയിലും വീഴുന്ന വാഹനങ്ങളും, ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളും തത്സമയം മാറ്റുന്നതിനു റിക്കവറി ക്രെയിൻ സർവീസ് സംവിധാനം ദേശീയപാത അഥോറിറ്റി നടപ്പാക്കണം.
ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരായ സീനിയർ മാനേജർ എൻ.വി. ജോസഫ്, അസിസ്റ്റന്റ് ബ്രിഡ്ജ് എൻജിനീയർ രാഘവ, സർവേ എൻജിനീയർ ആർ. വിജയകുമാർ, കെഎംസി പ്രതിനിധി ബി. ശിവരാമി റെഡ്ഡി, ചിദംബരൻ, സുധീഷ്, എസിപിമാരായ വി.കെ. രാജു, എം.കെ. ഗോപാലകൃഷ്ണൻ, പി.എ. ശിവദാസൻ, ടി.എസ്. സിനോജ്, മണ്ണുത്തി എസ്എച്ച്ഒ പി.എം. രതീഷ്, പീച്ചി എസ്എച്ച്ഒ എം. ഷാജഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.