വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കരാർ കന്പനി പതിനാറാമത്തെ തവണ അടച്ചകുഴികൾ വീണ്ടും പൂർവാധികം ആഴത്തിൽ തുറന്നു. വടക്കഞ്ചേരി തങ്കം ജംഗ്ഷൻ ഭാഗത്ത് വേണൂസ് ഷോപ്പിനു മുന്നിലാണ് വലിയ കുഴിയുള്ളത്. 28 കിലോമീറ്റർ ദൂരംവരുന്ന പാതയിലെ ഏറ്റവും ആഴമുള്ള കുഴികളിലൊന്നാണിത്. ഇതിനു മൂന്നടിയോളം താഴ്ചയുണ്ട്.
ചെറിയ വാഹനങ്ങളും ചരക്കുവാഹനങ്ങളും ഇതിൽ ഇറങ്ങിക്കയറാൻ ബുദ്ധിമുട്ടുന്ന കാഴ്ച നെഞ്ചിടിപ്പോടെയാണ് കാണുന്നതെന്ന് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു.വാഹനങ്ങൾ കുഴിയിൽ ചാടിയുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല. ഇവിടത്തെ മേല്പാലത്തിന്റെ പണി മുടങ്ങിക്കിടക്കുന്നതിനാൽ വാഹനങ്ങൾ മുഴുവൻ വീതികുറഞ്ഞ ഈ റോഡിലൂടെ കടന്നുപോകണം.
ചെമ്മണാംകുന്നിലും വാണിയന്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലും ഇത്തരത്തിൽ എണ്ണം വയ്ക്കാവുന്ന കുഴികളുള്ള സ്ഥലമാണ്.വഴുക്കുംപാറ ഭാഗത്ത് കുഴിയെണ്ണാൻ കഴിയാത്തവിധം റോഡില്ലാത്ത സ്ഥിതിയായി. റോഡിന്റെ ദുരവസ്ഥകണ്ട് ഇടയ്ക്കിടയ്ക്ക് സന്നദ്ധ സംഘടനകളും മറ്റുമാണ് ഇപ്പോൾ കുഴിയടയ്ക്കൽ നടത്തുന്നത്.
ഇന്നലെ പാളയം പ്രദീപിന്റെ നേതൃത്വത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ തങ്കം ജംഗ്ഷനിലെ കുഴികൾ ക്വാറിവേയ്സ്റ്റ് ഇട്ടുമൂടി. കഴിഞ്ഞദിവസം കണ്ണാറയിൽ നിന്നുള്ള ഒരുസംഘമാളുകൾ ഇരുന്പുപാലം ഭാഗത്ത് കുഴികൾ കല്ലിട്ട് അടച്ചു. വാണിയന്പാറയിൽ ഓട്ടോഡ്രൈവർമാർ മണ്ണും കല്ലും നിറച്ച് ദേശീയപാതയിലെ കുഴിമൂടിയിട്ടുണ്ട്.