വടക്കഞ്ചേരി: മന്ത്രിയും മറ്റു ജനപ്രതിനിധികളും കളക്ടറും കരാർ കന്പനിക്കെതിരെ കടുത്ത നിലപാടുമായി രംഗത്ത് വന്നതോടെ കുതിരാനിൽ ഉൾപ്പെടെ വടക്കഞ്ചേരിമണ്ണുത്തി ദേശീയപാതയിലെ കുഴി അടക്കൽ യുദ്ധ കാലാടിസ്ഥാനത്തിലായി. തുടർച്ചയായി മഴയുണ്ടായിരുന്നെങ്കിലും ഇന്നലെ 75 തൊഴിലാളികളുമായാണ് കരാർ കന്പനി കുഴി അടക്കൽ നടത്തിയത്. കുതിരാനിലെ ഭൂരിഭാഗം കുഴികളും ഇന്നലെ തന്നെ അടച്ചതായി കരാർ കന്പനി പി ആർ ഒ അജിത്ത്കുമാർ പറഞ്ഞു.
ടാറും മെറ്റലും മിക്സ് ചെയ്തിട്ടുള്ള കോൾസ് മിക്സ് ഉപയോഗിച്ചാണ് കുഴി അടക്കൽ നടത്തുന്നത്. 25 കിലോ വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് കോൾഡ് മിക്സ് ഇന്നലെ കുതിരാനിലെത്തിച്ചത്.കുഴികളിൽ മെറ്റലിട്ട് അതിനു മുകളിൽ ഈ മിക്സർ ഇട്ടാണ് റോളർ ഓടിക്കുന്നത്.തണുത്ത് കിടക്കുന്ന മിക്സർ വാഹനങ്ങൾ പോകുന്പോൾ ചൂടായി ഉറപ്പുള്ളതാകുമെന്നാണ് പറയുന്നത്. വിലപിടിപ്പുള്ള മിക്സറായതിനാൽ ആന കുഴികളിൽ ഈ വിദ്യ നടക്കില്ല. അവിടെ നല്ല രീതിയിലുള്ള ടാറിംഗ് മാത്രമെ നടത്താനാകു എന്നാണ് കരാർ കന്പനി അധികൃതർ പറയുന്നത്.
മഴ തുടരുന്നതിനാൽ സിമന്റും മെറ്റലും ചേർത്ത മിശ്രിതമാണ് ഇത്തരം ഭീമാകാരമായ കുഴികളിൽ ഇടുന്നത്.മഴ മാറിയാൽ ടാറിംഗ് നടത്തും. സിമന്റ് മിക്സർ ഉപയോഗിച്ച് നടത്തുന്ന കുഴിയടക്കലിന് ആയുസില്ല. അടച്ചതിനു പിന്നാലെ കുഴികൾ വാ തുറക്കുന്നുമുണ്ട്. കുതിരാനി നു പുറമെ മുടിക്കോടുംപട്ടിക്കാടും വടക്കഞ്ചേരിയിലും കുഴി അടച്ചതായി കരാർ കന്പനി പറഞ്ഞു.
എന്തായാലും മന്ത്രി .വി.എസ് സുനിൽകുമാറിന്റെയും ടി.എൻ.പ്രതാപൻ എം പി യുടെയും തൃശൂർ കളക്ടർ എസ്.ഷാനവാസിന്റെയുമൊക്കെ ഇടപെടൽ കുതിരാനിലെ വാഹന കുരുക്കിന് കുറച്ചെങ്കിലും ആശ്വാസമാകുമെന്നാണ് യാത്രക്കാർ കരുതുന്നത്.
ശനിയാഴ്ച വൈകീട്ടാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കുതിരാൻ റോഡും തുരങ്ക പാതയും സന്ദർശിച്ച് 48 മണിക്കൂറിനുള്ളിൽ റോഡിന്റെ അറ്റകുറ്റപണികൾ നടത്തണമെന്ന് കരാർ കന്പനിക്ക് വാണിംഗ് നൽകിയത്. മഴയാണെന്നും മറ്റും പറഞ്ഞു് ഇനിയും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന ഘട്ടമായപ്പോൾ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ കുഴിയടക്കലുമായി കരാർ കന്പനി എത്തി.
ഇന്നലെ കളക്ടറും അറ്റകുറ്റപണികൾ പരിശോധിക്കാൻ എത്തിയിരുന്നു.മന്ത്രിയും മറ്റു ജനപ്രതിനിധികളും കുതിരാൻ വഴിയുള്ള ദേശീയ പാതയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തുടർന്നും ഉണ്ടായാൽ മാത്രമെ റോഡ് ഗതാഗതയോഗ്യമാകു എന്നാണ് വിലയിരുത്തൽ.