വടക്കഞ്ചേരി: ഒറ്റരാത്രികൊണ്ട് കുഴിയടച്ച് റീടാറിംഗ് നടത്താവുന്ന കുതിരാൻ റോഡിന്റെ അറ്റകുറ്റപ്പണി കരാറുകാരുടെ തോന്നിവാസത്തിനു വിട്ടത് സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഇച്്ഛാശക്തിയില്ലാത്ത നിലപാടുകൾ മൂലമാണെന്ന ആരോപണം ശക്തം.
രണ്ടു കിലോമീറ്റർ മാത്രം ദൂരംവരുന്ന റോഡിന്റെ റീടാറിംഗ് പണികൾ ഒരുമാസമായിട്ടും അവസാനിക്കാതെ തുടരുകയാണ്. ഇടയ്ക്കിടെ ഏതാനും ലോഡ് ടാർ മിക്സർകൊണ്ടുവന്ന് റോഡിലിട്ട് ഗതാഗതം മുടക്കുന്ന പ്രവൃത്തിയാണ് നിലവിൽ കുതിരാനിൽ നടക്കുന്നത്.എല്ലാം കണ്ടിട്ടും നടപടിയെടുക്കേണ്ടവർ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
ഓഗസ്റ്റ് മാസത്തിൽ തുടങ്ങിയതാണ് ദേശീയപാതയിലെ ഈ ദുരിതയാത്ര. കഴിഞ്ഞ വേനലിൽ കുഴിനിറഞ്ഞപ്പോൾ രാഷ്ട്രദീപിക ഉൾപ്പെടെയുള്ള പത്രമാധ്യമങ്ങളെല്ലാം നിരവധിതവണ ആനക്കുഴികളുടെ പടം സഹിതം നല്കി മഴക്കാലത്തെ ദുർഘടയാത്രയെക്കുറിച്ച് മുന്നറിയിപ്പു നല്കിയിരുന്നു.
എന്നാൽ അപ്പോഴൊന്നും കുഴിയടയ്ക്കാൻ നടപടിയെടുത്തില്ല. ഓഗസ്റ്റ് പകുതിയോടെയുണ്ടായ അതിതീവ്രമഴയിൽ റോഡ് പലയിടത്തും പാതാളംപോലെ തകർന്നു. കുതിരാനിൽ പതിനഞ്ചിടത്ത് മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴലുണ്ടായി. ഓഗസ്റ്റ് 17 മുതൽ മഴകുറഞ്ഞ് പിന്നീട് ഒരുമാസക്കാലം കനത്ത വെയിലുണ്ടായിട്ടും തകർന്നുകിടക്കുന്ന ദേശീയപാത അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താൻ സംസ്ഥാന സർക്കാരും താത്പര്യമെടുത്തില്ല.
കേന്ദ്രസർക്കാരിനെയും നാഷണൽ ഹൈവേ അഥോറിറ്റിയേയും കുറ്റംപറഞ്ഞ് സംസ്ഥാന സർക്കാരും ഇവിടത്തെ ജനപ്രതിനിധികളും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറി. ഇതുമൂലം ഓരോദിവസവും കുതിരാൻ കുരുക്കിൽ കിടന്ന് യാത്ര മുടങ്ങിയത് ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരുമായിരുന്നു. ഇതിൽ ഡയാലിസിസിനു ബസിൽ പോകുന്ന രോഗികൾ വരെയുണ്ട്.
സംസ്ഥാന പൊതുമരാമത്ത് മന്ത്രി പലതവണ അന്ത്യശാസനം കൊടുത്തിട്ടും കരാർ കന്പനിക്ക് കുലുക്കമില്ല. നടപടിയെടുക്കേണ്ട മന്ത്രിക്ക് കരാർ കന്പനി പറയുന്ന ഉറപ്പുകളിൽ വിശ്വാസമില്ലാതിരിക്കേ, കന്പനിക്കെതിരേ എന്തെങ്കിലും നടപടിയെടുക്കാൻ കഴിയാത്ത നിസഹായാവസ്ഥയാണുള്ളത്.
ഈ കരാർ കന്പനിക്കുതന്നെ വടക്കൻ കേരളത്തിൽ കോടികളുടെ വർക്ക് കരാർ നല്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത്രയേറെ ജനങ്ങളെ കഷ്ടപ്പെടുത്തിയ റോഡുപണി ഒരുപക്ഷേ മറ്റെവിടെയും കണ്ടെന്നുവരില്ല. എന്നിട്ടും ഈ കരാർ കന്പനിക്ക് പിന്നേയും റോഡ് വർക്കുകൾ ഏല്പിക്കുന്നതിനു പിന്നിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
കുഴിയടക്കലിന്റെ പേരിൽ കഴിഞ്ഞ രാത്രിയിലും ഇന്നലെയും കുതിരാനിൽ വാഹനക്കുരുക്ക് തുടരുകയാണ്. അടച്ചകുഴികളും റീടാറിംഗ് ചെയ്ത ഭാഗങ്ങളും ടാർ ചൂടാറുംമുന്പേ തകരുന്നുമുണ്ട്. കൊന്പഴ ഭാഗത്തുനിന്നാണ് പുതിയ കുഴികൾ ഉണ്ടാകുന്നത്.