സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താറുണ്ടെന്ന അവകാശവാദവുമായി കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തകർന്ന റോഡിൽ ടാറിട്ടു ശോച്യാവസ്ഥ പരിഹരിക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കരാർ കന്പനി ഈ അവകാശവാദം ഉന്നയിച്ചത്.
നിലവിലുളള റോഡിന്റെ പ്രതലത്തിനു താങ്ങാവുന്നതിലേറെ ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാലാണ് റോഡിനു തകരാർ സംഭവിക്കുന്നതെന്നും കരാർ കന്പനി കോടതിയെ അറിയിച്ചു. ഒരാഴ്ച മഴയില്ലെങ്കിലേ അറ്റകുറ്റപ്പണി നടത്താനാവൂ. കഴിഞ്ഞ രണ്ടുവർഷത്തിൽ മഴയില്ലാതെ അറ്റകുറ്റപ്പണി നടത്താവുന്ന വളരെ കുറച്ചു ദിവസമേ ലഭിച്ചുള്ളൂ. ഇക്കൊല്ലം മഴക്കാലത്തടക്കം അറ്റകുറ്റപ്പണികൾ നടത്തി.
പണികൾ നടത്തിയതിനു ചെലവാക്കിയ തുകയുടെ കണക്കും കരാർ കന്പനി ഹാജരാക്കിയിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കി നിർത്തുവാനുള്ള എല്ലാ ശ്രമങ്ങളം നടത്തിയിട്ടുണ്ടെന്നും കന്പനി ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ഇടതുടണലിലൂടെ വാഹനം കടത്തിവിടാൻ സാധിച്ചാൽ മാത്രമേ മറ്റേ ടണലിന്റെ പണി പൂർത്തിയാക്കാനാവൂ. ഇടതു ടണലിന്റെ ഉള്ളിലെ ഇലക്ട്രിക് വർക്കുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ടണലിന്റെ മുകളിൽനിന്നു മണ്ണു വീഴാതിരിക്കാൻ വേണ്ട മുൻകരുതലിനു കൂടുതൽ വനഭൂമി തുരങ്കത്തിന്റെ പ്രവേശന ബഹിർഗമന ഭാഗങ്ങളിൽ ലഭ്യമാക്കണം. ഇതിനുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. ടണലിനുള്ളിൽ സുരക്ഷാക്രമീകരണങ്ങൾക്ക് ആവശ്യമായ വെള്ളം ലഭിക്കാൻ കുഴൽക്കിണർ കുഴിക്കാനുള്ള അനുമതിക്കും അപേക്ഷിച്ചിട്ടുണ്ട്.
തുരങ്കത്തിന്റെ പ്രവേശന ബഹിർഗമന മാർഗങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ ചരിവുസുരക്ഷാ പണികൾ പൂർത്തിയാക്കിയാൽ ദേശീയപാത അഥോറിറ്റിയുടെ സുരക്ഷാ പരിശോധനയ്ക്കുശേഷം വാഹനങ്ങൾ കടത്തിവിടാവുന്നതാണ്. കേരള ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയും പൂർത്തിയാക്കാനുണ്ട്: കരാർ കന്പനി കോടതിയെ അറിയിച്ചു.
റോഡിന്റെ പല ഭാഗത്തും തകർന്ന നിലയിലാണെന്ന വിവരം മറച്ചുവച്ചുകൊണ്ട് കരാർ കന്പനി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അഡ്വ. ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു. സിഗ്നൽ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയിട്ടില്ല. കുതിരാനിലെ ഗതാഗത കുരുക്ക്, അപകട മരണങ്ങൾ, മുളയം, മുടിക്കോട്, പീച്ചി റോഡ്, പട്ടിക്കാട് അടിപ്പാതകളുടെ പണി തുടങ്ങിയവയെക്കുറിച്ചു കരാർ കന്പനി മൗനം പാലിച്ചിരിക്കുകയാണ്.