വടക്കഞ്ചേരി: മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും പരസ്പരമുള്ള പഴിചാരലുകൾക്കുമൊടുവിൽ കുതിരാനിൽ തട്ടികൂട്ട് കുഴി അടക്കൽ ഒഴിവാക്കി നിലവാരമുള്ള റീ ടാറിംഗ് പ്രവൃത്തികൾ തുടങ്ങി. നല്ല വീതിയിൽ മെറ്റൽ വിരിച്ച് ടാറിംഗ് പണികളാണ് ആരംഭിച്ചിട്ടുള്ളത്.വാഹനങ്ങൾക്ക് കടന്ന് പോകാൻ സ്ഥലമുള്ള ഭാഗങ്ങളിൽ താല്‍ക്കാലിക വഴി ഉണ്ടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ നോച്ച് എന്ന ഹൈവെ കണ്‍സ്ട്രക്ഷൻ കന്പനിയാണ് പണി നടത്തുന്നത്.
മഴ മാറിനില്‍ക്കുന്നതിനാൽ പണികൾക്ക് മറ്റു തടസ്സങ്ങളില്ല. റീ ടാറിംഗ് പണികൾ ആരംഭിച്ചതോടെ കുതിരാൻ കുരുക്കിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇരുന്പ് പാലത്ത് അനിശ്ചിതകാല റിലെ നിരാഹാര സമരം നടത്തി വരുന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രവർത്തകർ ഏറെ സന്തോഷത്തിലാണ്.
കൊന്പഴമുതൽ വഴുക്കുംപാറ വരെയുള്ള നാല് കിലോമീറ്റർ ഭാഗം പൂർണ്ണമായും റീടാറിംഗ് ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. എം പിമാർക്കും കുതിരാൻ തലവേദന തൽക്കാലത്തെക്കെങ്കിലും മാറി കിട്ടും.