സ്വന്തം ലേഖകൻ
തൃശൂർ: നിയമയുദ്ധങ്ങൾക്കും ജനകീയ സമരപോരാട്ടങ്ങൾക്കും ശേഷം രണ്ടുദിവസംമുന്പ് ടാറിട്ട കുതിരാൻ റോഡ് വെട്ടിപ്പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ടാറിട്ടു പൂർത്തിയായതിനു പിറ്റേന്ന് പവർ ഗ്രിഡ് കോർപറേഷൻ ഭൂഗർഭലൈൻ വലിക്കാൻ റോഡ് വെട്ടിപ്പൊളിക്കാൻ ആരംഭിച്ചതായിരുന്നു. ഇതിനെതിരേ കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് റോഡ് പൊളിക്കുന്നതു വിലക്കിയത്.
ഒരു വർഷത്തിലേറെയായി തകർന്നും വലിയ കുഴികൾ നിറഞ്ഞും ഗതാഗതയോഗ്യമല്ലാതായ റോഡിൽ സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവച്ച് സമരം നടത്തിയിരുന്നു. രണ്ടാഴ്ച കോണ്ഗ്രസ് പ്രവർത്തകരും സത്യഗ്രഹ സമരം നടത്തിയതാണ്.
ഏറെക്കാലത്തെ മുറവിളിക്കുശേഷം ഗതാഗത യോഗ്യമാക്കിയ റോഡ് പൊളിച്ച് ഭൂഗർഭലൈൻ സ്ഥാപിച്ചാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകും. ശബരിമല തീർഥാടന സീസണ് ആരംഭിച്ചതോടെ വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
റോഡ് ടാറിടുന്നതുവരെ അനങ്ങാതിരുന്ന പവർഗ്രിഡ് ടാറിട്ടു ഗതാഗത യോഗ്യമായതോടെയാണ് വെട്ടിപ്പൊളിക്കലുമായി രംഗത്തെത്തിയത്. കോടതിയുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.