തൃശൂർ: മഴമാറുന്ന മുറയ്ക്കു കുതിരാനിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നു നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ നാഗേന്ദ്രനാഥ് സിൻഹ. കുതിരാൻ ദേശീയപാതയുടെ ശോച്യാവസ്ഥ ബോധിപ്പിക്കാനെത്തിയ ടി.എൻ. പ്രതാപൻ എംപിക്കാണ് അഥോറിറ്റി ചെയർമാൻ ഉറപ്പു നൽകിയത്.
കുതിരാൻ അറ്റകുറ്റപ്പണിക്കായി രണ്ടുകോടി എണ്പതു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി പുതിയ കന്പനിയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും നാഗേന്ദ്രനാഥ് സിൻഹ എംപിയെ അറിയിച്ചു. ദേശീയപാത 544ലെ മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തണമെന്നും, പാർലമെന്റിൽ കേന്ദ്രമന്ത്രി നൽകിയ ഉറപ്പ് പാലിക്കുന്നതിന് അടിയന്തര സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ എംപി അഥോറിറ്റി ചെയർമാനെ ഡൽഹിയിൽ സന്ദർശിച്ചത്.
ചെയർമാൻ അടിയന്തരമായി കുതിരാനിലെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തണമെന്നും എംപി ആവശ്യപ്പെട്ടു. മഴ മാറിയാലുടൻ ടാറിംഗ് തുടങ്ങാനുള്ള നടപടികൾ പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. ഷാനവാസും അറിയിച്ചു. കഴിഞ്ഞ ആഴ്ച ടാറിംഗ് തുടങ്ങിയെങ്കിലും മഴമൂലം മാറ്റിവയ്ക്കുകയാണുണ്ടായതെന്നു കളക്ടർ പറഞ്ഞു.