വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണത്തിൽ ഗുരുതരമായ അപാകതകൾക്കൊപ്പം തുരങ്കപ്പാതയ്ക്കുള്ളിൽ മതിയായ സുരക്ഷാക്രമീകരണങ്ങളും ചെയ്തിട്ടില്ലെന്നു കണ്ടെത്തൽ. ഇരുന്പുപാലം ഭാഗത്തുനിന്നും തുരങ്കപ്പാതയുടെ ആദ്യ മുന്നൂറുമീറ്റർ ക്രോസ് പാസേജിലാണ് പാറകൾക്കു വലിയ ബലക്ഷയം കണ്ടെത്തിയത്. എന്നാൽ, ഈ ബലക്ഷയം പരിഹരിക്കാതെയാണ് തുരങ്കപ്പാതയുടെ കോണ്ക്രീറ്റിംഗ് പണികൾ നടക്കുന്നത്. പാറകൾക്കു ബലക്കുറവുള്ള ഭാഗങ്ങളിൽ സ്റ്റീൽ റിബ്സുകൾ സ്ഥാപിച്ചു ബലപ്പെടുത്തണമെന്നിരിക്കേ അതുമുണ്ടായില്ല.
ആറുവരിപ്പാതയുടെ പ്രധാന കരാർ കന്പനിയായ കെഎംസിക്കു തുരങ്കനിർമാണ പ്രവൃത്തികളെക്കുറിച്ച് വ്യക്തതയില്ല. ഇതിനാൽ സബ് കരാർ നല്കിയ പ്രഗതി കന്പനിയാണ് തുരങ്കം നിർമിച്ചത്. പ്രഗതി എന്താണോ ചെയ്യുന്നത് അതു ശരിവയ്ക്കുക മാത്രമാണ് കെഎംസി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. തുരങ്കങ്ങൾക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിയോ എൻഎച്ച്എഐ ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ഏജൻസിയായ ഐസിടിയോ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ലെന്നും പരാതിയുണ്ട്.
തുരങ്കങ്ങൾക്കുള്ളിൽ പാറമടക്കുകൾ അടർന്നുവീഴുന്ന സ്ഥിതിയുണ്ടായാൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക. തുരങ്കപ്പതകൾ തുറന്നാൽ ചെയിൻകണ്ണി പോലെയാകും വാഹനങ്ങൾ പോവുക. തുരങ്കത്തിനുള്ളിൽ രണ്ടിടത്തു ശക്തമായ ഉറവയും കണ്ടെത്തിയിരുന്നു. ഈ വർഷം മഴ ഇടവിട്ടായതിനാൽ വെള്ളത്തിന്റെ വലിയ പ്രശ്നങ്ങളുണ്ടായില്ല.
തുരങ്കപ്പാത നിർമാണത്തിലും മതിയായ സുരക്ഷാ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തുരങ്കങ്ങൾക്കുള്ളിൽ ബൂമർ ഉപയോഗിച്ച് പാറപൊട്ടിക്കുന്നുതിനു പകരം ടണൽ ബോറിംഗ് മെഷീന്റെ സഹായത്തോടെ പാറതുരക്കേണ്ടതായിരുന്നു. കരാർ വ്യവസ്ഥയും ഇങ്ങനെയായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബോറിംഗ് മെഷീൻ ഉപയോഗിക്കാതെ തുരങ്കത്തിനായി ഉഗ്രസ്ഫോടനത്തോടെ പാറപൊട്ടിച്ചതുമൂലം പാറകൾക്കുള്ളിൽ വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ടാകാമെന്നും പിന്നീടത് അപകട കാരണമാകുമെന്നുമാണ് വിലയിരുത്തൽ.
തുരങ്കത്തിനുള്ളിൽ പാറപൊട്ടിക്കുന്പോൾ വലിയ ഭൂചലനം പോലെയാണ് പ്രദേശം കുലുങ്ങിയിരുന്നത്. ഇതിനടുത്ത വീടുകളുടെ ചുമരുകൾക്കു വിള്ളൽ രൂപപ്പെട്ടതും തുരങ്കങ്ങളിലെ സ്ഫോടനം മൂലമായിരുന്നു. രണ്ടു കിലോമീറ്റർ ചുറ്റളവിൽവരെ പാറപൊട്ടിക്കുന്നതിന്റെ ചലനങ്ങളുണ്ടായി. ഇങ്ങനെയിരിക്കേ തുരങ്കത്തിനുള്ളിൽ പാറകൾക്ക് വലിയ ബലക്ഷയം ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിദ്ഗധരും അഭിപ്രായപ്പെടുന്നത്.
പാറകൾ പൊടിയാക്കി മാറ്റുന്ന യന്ത്രസംവിധാനമാണ് ടണൽ ബോറിംഗ് മെഷീൻ. ഈ സംവിധാനം ഉപയോഗിക്കാതെയാണ് ബൂമർ ഉപയോഗിച്ച് പാറകളിൽ നാലുമീറ്റർ ആഴത്തിൽ ദ്വാരമുണ്ടാക്കി വെടിമരുന്ന് നിറച്ച് പാറ പിളർത്തിയിരുന്നത്. ഇതിനാൽ ലക്ഷക്കണക്കിനു ലോഡ് പാറക്കല്ലാണ് കരാർ കന്പനിക്കു റോഡുപണിക്കു ലഭിച്ചത്. അതല്ലെങ്കിൽ ഇത്രയും ലോഡ് കല്ല് കരാർ കന്പനി പണംകൊടുത്തു വാങ്ങേണ്ട സ്ഥിതിവരുമായിരുന്നു.
നിർമാണം കഴിഞ്ഞു വാഹനങ്ങൾ കടത്തിവിടും മുന്പേ തുരങ്കത്തിനുളളിൽ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം ശക്തമാവുകയാണ്.