വടക്കഞ്ചേരി: കുതിരാനിൽ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് വാഹനങ്ങൾ ഓടി തുടങ്ങുംമുന്പേ തകർന്നു. കൊന്പഴയിൽ നിന്നും ആരംഭിച്ച് പീച്ചി ജലസംഭരണിക്കുമുകളിലൂടെയുള്ള പാലം റോഡാണ് വലിയ വിള്ളലുകളോടെ തകർന്നിട്ടുള്ളത്. മൂന്നടിയോളം താഴ്ചയിൽ മുപ്പത് മീറ്റർ നീളത്തിലാണ് വിള്ളലുകൾ കാണപ്പെട്ടത്. റോഡിന്റെ മധ്യഭാഗത്തിൽവരെ വിള്ളലുകളുണ്ട്. റോഡിനായി ഇരുവശത്തുനിന്നുംകെട്ടിപൊക്കിയ കല്ലുകൾക്കുംഇളക്കം വന്നിട്ടുണ്ട്.
ഭാരവാഹനങ്ങൾ പോയാൽ റോഡ് ഇരുഭാഗത്തേക്കും തകർന്നുവീഴും. അടിയിൽനിന്നുതന്നെ മണ്ണിട്ട് റോഡ് ഉയർത്തുന്പോൾ മതിയായ ഉറപ്പിക്കൽ നടത്താത്തത് റോഡ് തകർച്ചക്ക് കാരണമെന്ന് പറയുന്നു. ഇരുപതടിയോളം ഉയരത്തിൽ മണ്ണിട്ട് ഇരുവശത്തും കല്ല് കെട്ടിയായിരുന്നു പണികൾ.
മണ്ണ് റോളറുകളും മറ്റു യന്ത്രസംവിധാനങ്ങളും ഉപയോഗിച്ച് അമർത്തി ഉറപ്പാക്കാത്ത മുകളിൽ ടാറിട്ട് നിർമാണം പൂർത്തിയായെന്ന് കാണിച്ച് റിപ്പോർട്ടുകളുണ്ടാക്കുകയായിരുന്നു. വെള്ള ലൈൻ വരച്ച് ഏത് സമയവും വാഹനങ്ങൾ കടന്നുപോകാൻ സജ്ജമാക്കിയ റോഡാണ് തകർന്നിട്ടുള്ളത്. വാഹനങ്ങൾ ഓടിതുടങ്ങുംമുന്പേ റോഡ് തകർന്നത് വൻദുരന്തം ഒഴിവാക്കാൻ സഹായകമായി.
അതല്ലെങ്കിൽ യാത്രാബസുകൾ ഇതിൽ കുടുങ്ങി വൻ ദുരന്തം സംഭവിക്കുമായിരുന്നു. 28 കിലോമീറ്റർവരുന്ന ആറുവരിപ്പാത നിർമാണം പൂർണമായും ഈ രീതിയിലാണെന്നതിന്റെ സാന്പിളാണ് കുതിരാൻ പാലം റോഡിലെ ഈ ദുരവസ്ഥ കാണിക്കുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. റോഡിന്റെ ഉറപ്പ് ഇങ്ങനെയാണെങ്കിൽ മഴക്കാലത്ത്് ഇവിടെ വെള്ളം നിറഞ്ഞാൽ എന്തൊക്കെ അപകടങ്ങൾ ഉണ്ടാകാനിരിക്കുന്നു. എന്നൊക്കെ കണ്ടറിയേണ്ടിവരും.
പാതക്ക് ഇരുവശത്തുനിന്നുള്ള മണ്ണിടിച്ചിൽ പല ഭാഗത്തും രൂക്ഷമാണ്. തേനിടുക്ക് മുതൽ പട്ടിക്കാട് കല്ലിടുക്കു വരെയുള്ള ഭാഗത്ത് ശക്തമായ തോതിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുന്നത്. മഴക്കാലത്ത് ഇത് കൂടുതൽ ശക്തമാകും. തേനിടുക്ക്, ചുവന്നമണ്ണ്, വാണിയന്പാറ, വഴക്കുന്പാറ, കല്ലിടുക്ക് എന്നിവിടങ്ങളിലാണ് ഭീമാകാരമായ മണ്തിട്ടകളും പാറകളും റോഡിലേക്ക് വീഴുന്നത്.
തുരങ്കപ്പാതകളുടെ ഇരുഭാഗത്തും അപകടകരമായ വിധമാണ് മുപ്പതടിയോളം ഉയരത്തിൽ നിന്നും പാറക്കല്ലുകൾ ഏത് സമയവും റോഡിലേക്ക് വീഴാമെന്ന നിലയിലുള്ളത്. മഴക്കാലത്ത് തുരങ്കപ്പാതകൾക്കുള്ളിലും വലിയ ദുരന്ത സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. മതിയായ സുരക്ഷാ പരിശോധനയില്ലാത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാണ് തുരങ്കപ്പാതകളുടെ ശേഷിച്ച പണികൾക്ക് ബന്ധപ്പെട്ടവർ പച്ചകൊടി കാട്ടുന്നത്.
അതേസമയം 50 ദിവസത്തോളമായി കുതിരാനിലെ തുരങ്കപ്പാതകളുടെ നിർമാണം ഉൾപ്പെടെ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയാണ് പണികൾ അനിശ്ചിതമായി നീണ്ടുപോകാൻ കാരണമാകുന്നത്.