പട്ടിക്കാട്: ദേശീയപാത നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കുതിരാനിൽ നിർമിക്കുന്ന ഇരട്ട തുരങ്കത്തിന്റെ രണ്ടാമത്തെ തുരങ്കവും തുറന്നു. ഇതോടെ ചരിത്രതാളുകളിൽ കുതിരാനും ഇടം പിടിച്ചു. ഇന്നലെ രാത്രി എട്ടിനു പ്രഗതി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എംഎൻഎസ് കൃഷ്ണംരാജ് അവസാന ബ്ലാസ്റ്റിംഗ് സ്വിച്ചോണ്‍ കർമം നിർവഹിച്ചതോടെ കുതിരാനിലെ രണ്ടാമത്തെ തുരങ്ക തുറക്കപ്പെട്ടു. ഡയറക്ടർ വിഷ്ണുവർമ്മ, ഫോർമാൻമാരായ സുദേവൻ, മോഹനൻ, പി.ആർ.ഒ. ശിവാനന്ദൻ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.
735 മീറ്ററിലാണ് തുരങ്കം ഒന്നായത്. ആദ്യത്തെ തുരങ്കം 750 മീറ്ററിൽ ആണ് കൂട്ടിമുട്ടിയത്. അവസാനത്തെ സ്ഫോടനം കഴിഞ്ഞപ്പോൾ തന്നെ നിർമാണ തൊഴിലാളികൾ ആർപ്പുവിളിച്ചും നൃത്തംവച്ചും ആഹ്ലാദം പങ്കുവച്ചു. ഏകദേശം 15 മാസം രാപ്പകലില്ലാതെ ഓരോ തൊഴിലാളിയും സ്വയം അർപ്പിച്ചതിന്റെ വിജയമാണ് ഇവിടെ കണ്ടത്. 250ൽപരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്.
945 മീറ്റർ വീതമുള്ള രണ്ട് തുരങ്കമാണ് അവസാനഘട്ടത്തിലെത്തുന്നത്. 12 മീറ്റർ പാറയാണ് പൊട്ടിക്കാനുണ്ടായത്. ബെൻജിംഗ് കോണ്‍ക്രീറ്റിംഗ് ഇരു തുരങ്കങ്ങൾ തമ്മിൽ യോജിപ്പിക്കുന്ന പണികളാണ് ഇവിടെ നടക്കുക. ആദ്യ തുരങ്കത്തിലെ ബെൻഡിംഗ് 90 ശതമാനവും പൂർത്തിയായി.
തുരങ്കത്തിനകത്ത് എന്തെങ്കിലും തടസം നേരിട്ടാൽ അടുത്ത തുരങ്കത്തിലേക്ക് ഗതാഗതം മാറ്റിവിടുന്നതിനാണ് 300 മീറ്ററിലും 600 മീറ്ററിലും രണ്ടു തുരങ്കങ്ങൾ തമ്മിൽ യോജിപ്പിക്കുന്നത്. ഇരുന്പുപാലത്തിൽ നിർമിക്കുന്ന രണ്ട് പാലങ്ങളുടെ പണി പൂർത്തിയായാൽ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടും. മെയ് – ജൂണ്‍ മാസത്തോടെ വാഹനഗതാഗം നടത്താൻ സാധിക്കും എന്ന നിലപാടിലാണ് കരാർ കന്പനിക്കാർ .
2016 ഓഗസ്റ്റിലാണ് രണ്ടാമത്തെ തുരങ്കത്തിന്റെ പണി തുടങ്ങിയത്. ഇതിനിടയിൽ സമരത്തിൽപ്പെട്ട് പല തവണ പണികൾ നിർത്തിവയ്ക്കപ്പെട്ടിരുന്നു.തുരങ്കം തുറക്കപ്പെട്ടതു സന്ദർശിക്കുവാനായി ഇന്നു എംപിമാരായ പി.കെ.ബിജു, എം.ബി.രാജേഷ്, എംഎൽഎ കെ.രാജൻ, ജില്ലാ കളക്ടർ, എഡിഎം, എസിപി എന്നിവർ സ്ഥലത്തെത്തും.