വടക്കഞ്ചേരി: കുതിരാനിൽ ഇടതുഭാഗത്തെ ആദ്യതുരങ്കപാതയിൽ കോണ്‍ക്രീറ്റിംഗ് പണികൾ അഞ്ഞൂറുമീറ്റർ പിന്നിട്ടു. മുപ്പതിഞ്ച് കനത്തിലാണ് കോണ്‍ക്രീറ്റിംഗ് നടക്കുന്നത്. ടാറിംഗിനു പകരമാണിത്. ആദ്യഘട്ടകോണ്ക്രീറ്റിംഗ് പൂർത്തിയാക്കി അതിനുശേഷം കുറഞ്ഞ കനത്തിൽ മറ്റൊരു കോണ്‍ക്രീറ്റിംഗ് കൂടി നടത്തിയാണ് വാഹനഗതാഗതത്തിനു തുരങ്കപ്പാത സജ്ജമാക്കുകയെന്ന് കഐംസി അധികൃതർ പറഞ്ഞു.
തുരങ്കത്തിനുള്ളിൽ കോണ്‍ക്രീറ്റിംഗ് പണികൾ നടത്തുന്നത് കഐംസി തന്നെയാണ്. തുരങ്കനിർമാണം മാത്രമാണ് പ്രഗതി കന്പനി ചെയ്യുന്നത്. പാതനിർമാണവും തുരങ്കത്തിലെ വൈദ്യുതീകരണവും സിഗ്്നൽ സംവിധാനവും കഐംസി ചെയ്യും. മുംബൈ ആസ്ഥാനമായുള്ള ഒരു കന്പനിയാണ് തുരങ്കത്തിലെ വൈദ്യുതീകരണ ജോലികൾ ചെയ്യുന്നത്.
വൈദ്യുതീകരണ വർക്കുകൾക്ക് ഒരുമാസം കാലതാമസമെടുക്കും. 962 മീറ്ററാണ് തുരങ്കത്തിന്റെ ദൂരം.
എന്നാൽ തുരങ്കമുഖങ്ങളിൽ ഇരുഭാഗത്തും 15 മീറ്റർ നീളത്തിൽ അധികമായി സ്റ്റീൽ റിബ്സുകൾ സ്ഥാപിച്ച് ആദ്യതുരങ്കത്തിനിപ്പോൾ 962 മീറ്റർ നീളമുണ്ട്.ഡിസംബർ അവസാനത്തോടെ ആദ്യതുരങ്കം വഴി വാഹനങ്ങൾ കടത്തിവിടുമെന്ന് കരാർകന്പനി പിആർഒ അജിത് കുമാർ പറഞ്ഞു. എന്നാൽ മാത്രമേ രണ്ടാംതുരങ്കത്തിന്റെ വഴുക്കുംപാറ ഭാഗത്ത് നിലവിലുള്ള റോഡ് പൊളിച്ച് തുരങ്കത്തിന്റെ ലെവലിൽ പണിയാനാകൂ. ഇവിടെ പത്തുമീറ്ററോളം താഴ്ത്തിയാലേ തുരങ്കത്തിന്റെ ലെവൽ ആകുകയുള്ളൂ.
രണ്ടാമത്തെ തുരങ്കമായ വലത് തുരങ്കത്തിന്റെ പണി പൂർത്തിയാകാൻ മാർച്ച് മാസംവരെ വേണ്ടിവരും. തുരങ്കത്തിനുള്ളിൽ പൊട്ടിച്ച പാറകൾ മാറ്റി ഡ്രെയിനേജ് പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇരുന്പുപാലം ഭാഗത്ത് തുരങ്കത്തിലേക്കുള്ള പാലങ്ങളുടെ പണിയും അന്തിമഘട്ടത്തിലാണ്.പീച്ചിഡാമിന്റെ അധികജലം സംഭരിക്കുന്ന ജലസംഭരണിക്കു മുകളിലൂടെയാണ് മുന്നൂറുമീറ്റർ നീളത്തിൽ രണ്ടുപാലങ്ങൾ 14 മീറ്റർ അകലത്തിൽ നിർമിച്ചിട്ടുള്ളത്.
കൊന്പഴ ഭാഗത്ത് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തുന്ന പണികൾ നടന്നുവരികയാണ്.മണ്ണുക്ഷാമവും പണികൾ വൈകിക്കുന്നുണ്ടെന്നാണ് പറയുന്നത്. അതേസമയം ആറുവരിപ്പാത നിർമാണത്തിൽ വ്യാപക അപാകതകളുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. യഥാസമയങ്ങളിൽ നാഷണൽ ഹൈവേ അഥോറിറ്റിയുടെ പരിശോധന നടക്കുന്നില്ലെന്നും പരാതിയുണ്ട്.