ആലത്തൂർ: ദേശീയപാതയിൽ കുതിരാനിലെ തുരങ്കപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാനിലെ രണ്ടു തുരങ്കപ്പാതകളിലൊന്നിന്റെ നിർമാണമാണ് അവസാന ഘട്ടത്തിലെത്തിയത്.
920 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമായി നിർമിക്കുന്ന രണ്ടു തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായെങ്കിലും ഒന്നിന്റെ നിർമാണപ്രവൃത്തികളാണ് തീർന്നുവരുന്നത്. പാലക്കാടുനിന്ന് തൃശൂരിലേക്കു പോകുന്ന ഭാഗത്തെ ഇടതുവശത്തുള്ള തുരങ്കമാണ് നിർമാണം പൂർത്തിയാകുന്നത്. വലതുവശത്തെ തുരങ്കത്തിന്റെ നിർമാണവും നടന്നുവരുന്നു.
ഒരു തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചതിനു ശേഷമാകും രണ്ടാമത്തെ തുരങ്കത്തിന്റെ പ്രവൃത്തി പൂർത്തിയാക്കുക. തുരങ്കത്തിന്റെ മറുഭാഗത്ത് റോഡിനു താഴ്ച വരുത്തേണ്ടതിനാലാണ് ഒരു തുരങ്കം വഴിയുള്ള ഗതാഗതം ആദ്യം തുടങ്ങുന്നത്. തുരങ്കം രണ്ടും തുറന്നാലും ഇരുന്പുപാലം മുതൽ തുരങ്കം അവസാനിക്കുന്ന ഭാഗം വരെയുള്ള നിലവിലെ റോഡ് അതേപടി നിലനിർത്തുമെന്നാണ് അറിയുന്നത്.
വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ 2014 ഒക്ടോബറിലാണ് ആരംഭിച്ചത്. 2016 മേയ് 13നാണ് തുരങ്കങ്ങളുടെ നിർമാണം തുടങ്ങിയത്. കെഎംസി എന്ന കന്പനിയാണ് റോഡ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്.