പട്ടിക്കാട്: നീണ്ട കാത്തിരിപ്പിനു ശേഷം കുതിരാൻ തുരങ്കം തുറന്നതോടെ ആകാംക്ഷയും സന്തോഷവും വർധിച്ചിരിക്കുകയാണു നാട്ടുകാർക്ക്. ഇന്നലെ രാവിലെ മന്ത്രി കെ. രാജനൊപ്പം കുറേപേർ തുരങ്കം സന്ദർശിക്കുന്ന തിരക്കിലായിരുന്നു.
മന്ത്രി പോയതോടെ വീട്ടമ്മമാരുടെ ഉൗഴമായിരുന്നു. തുരങ്ക കവാടത്തിന്റെ നിർമിതിയിലേക്കായിരുന്നു എല്ലാവരുടെയും നോട്ടം. തുരങ്കത്തിനകത്തെ പ്രകാശവിന്യാസങ്ങളും മറ്റും കണ്ട് അടുത്ത കവാടത്തിലൂടെ പുറത്തുവരുന്ന തിരക്കിലായിരുന്നു എല്ലാവരും.
രാവിലെ മുതൽ തുരങ്കത്തിലൂടെ പോയിരുന്ന വാഹനങ്ങളിലുള്ളവരെല്ലാം കവാടത്തിനു പുറത്തു നിർത്തി തുരങ്കമൊക്കെ വിശാലമായി കണ്ട് ഫോട്ടോയെടുത്താണു മടങ്ങിയത്. നടപ്പാതയുടെ പണികൾ പൂർത്തിയാകാത്തതു കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിച്ചെങ്കിലും ആകാക്ഷയോടെ വന്നവരെല്ലാം തുരങ്കം കണ്ടു.
ഉച്ചമയക്കത്തിന്റെ നേരത്തും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇരുചക്ര വാഹനങ്ങളിലും കാൽനടയായും തുരങ്കം കാണാനെത്തിക്കൊണ്ടിരുന്നു. എന്നാൽ, തുരങ്കത്തിനകത്തു വാഹനങ്ങൾ നിർത്തരുതെന്നു കർശന നിർദേശമുണ്ട്.
അപകടസാധ്യത മുൻനിർത്തിയാണു നിർദേശം. കൂടാതെ സെൽഫിയെടുക്കുന്നതും കാർ നിർത്തി ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമുണ്ട്. വരുംദിവസങ്ങളിൽ ഇതു ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നു കന്പനി അധികൃതർ പറയുന്നു.