വാണിയന്പാറ: കുതിരാനിലെ രണ്ടാം തുരങ്കത്തിനകത്തെ പണികൾ അവസാനഘട്ടത്തിലെത്തി. കോണ്‍ക്രീറ്റിംഗ് പണികളും കിഴക്കുഭാഗത്തു രണ്ടാം തുരങ്കത്തിൽ നിന്നു പ്രവേശിക്കുന്ന പാലത്തിനെ തുടർന്നുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗും പൂർത്തിയായി.
തുരങ്കത്തിനകത്തെ പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികളും അവസാനഘട്ടത്തിലാണ്. തുരങ്കത്തിനകത്ത് എക്സ്ഹോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കുന്ന പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഓരോ 50 മീറ്ററുകളിലും ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ്റീലുകളും സ്ഥാപിച്ചു തുടങ്ങി.
ലൈറ്റുകൾ സ്ഥാപിക്കുന്ന പണികളും നടക്കുന്നുണ്ട്. ഉടൻ അതിന്റെ പണികളും പൂർത്തിയാകും.കിഴക്കുഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും തുരങ്ക കവാടങ്ങളുടെ പണികളും പൂർത്തിയായി വരുന്നു. രണ്ടാം തുരങ്കത്തിന്റെ ഇരുഭാഗങ്ങളലും കവാടങ്ങൾ നിർമിക്കുന്നുണ്ട്.
തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു വഴുക്കുംപാറയിൽ നിന്നുള്ള റോഡിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാകുന്നതിനു കാലതാമസം വേണ്ടി വരും. കാരണം വഴുക്കുംപാറ സെന്ററിൽ നിന്ന് ഒന്‍പതു മീറ്ററോളം ഉയരത്തിൽ ഇരു ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തികൾ നിർമിച്ചു മണ്ണിട്ട് ഉയർത്തിയാണു തുരങ്കത്തിലേക്കുള്ള റോഡ് നിർമിക്കുന്നത്.
ഇതിന്റെ ഭാഗമായി പാലക്കാട് ഭാഗത്തേക്കു വാഹനങ്ങൾ പോയിരുന്ന പഴയ പാതയുടെ ഒരു ഭാഗം പൊളിച്ചുനീക്കി അവിടെ പണികൾ നടന്നുവരികയാണ്.
രണ്ടാം തുരങ്കത്തിനകത്തെ പണികൾ പൂർത്തിയായാൽ ഒന്നാം തുരങ്കത്തിലൂടെ ഇരു ഭാഗത്തേയ്ക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത് ഒഴിവാക്കി പാലക്കാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടാവുന്നതാണ്. അതോടെ കുതിരാനിലെ ഗതാഗതക്കുരുക്കിനും താൽക്കാലിക പരിഹാരമുണ്ടാക്കാം.