പട്ടിക്കാട്: കുതിരാനിൽ നടപ്പാക്കിയ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി അടിയന്തര സേവനങ്ങൾക്കു സജ്ജമാക്കിയിരുന്ന ആംബുലൻസുകളും ക്രെയിനുകളും സർവീസ് നിർത്തിവച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതു വരെ രണ്ട് ആംബുലൻസുകളുടെയും ക്രെയിനുകളുടെയും സേവനം 24 മണിക്കൂറും തുരങ്കത്തിൽ ലഭ്യമാക്കുമെന്നായിരുന്നു കന്പനി അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. 2021 നവംബർ 23 നാണ് തുരങ്കമുഖത്ത് ഇവയുടെ സേവനം ആരംഭിച്ചത്.
തുരങ്കത്തിനകത്ത് വാഹനങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടനടി അവ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി തുരങ്കത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി ഓരോ ആംബുലൻസും ക്രെയിനും ആയിരുന്നു സജ്ജമാക്കിയിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇവ നിർത്തലാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
അതേസമയം തങ്ങൾക്ക് വാടകയിനത്തിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കാൻ ഉണ്ടെന്നും കന്പനി അധികൃതർ കുടിശിക തീർക്കാൻ തയാറാകാത്തതാണ് സർവീസ് നിർത്തിവയ്ക്കാൻ കാരണമെന്നും വാഹന ഉടമകൾ പറഞ്ഞു. നിലവിൽ കുതിരാൻ തുരങ്കത്തിന് അകത്തോ സമീപ പ്രദേശങ്ങളിലോ അപകടങ്ങൾ ഉണ്ടായാൽ വാണിയന്പാറയിൽനിന്നോ പട്ടിക്കാട്ടുനിന്നോ ആംബുലൻസുകൾ എത്തേണ്ടി വരും. ഇത് അപകടങ്ങളിൽ പെടുന്നവരെ സാരമായി ബാധിക്കുകയും ചെയ്യും. അതിനാൽ തുരങ്കത്തിന്റെ ഇരു ഭാഗങ്ങളിലും ആംബുലൻസ് ക്രെയിൻ സർവീസുകൾ പുനഃരാരംഭിക്കണണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചില മാസങ്ങൾക്കുമുന്പ് തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ആംബുലൻസ് ക്രെയിൻ സർവീസ് നിർത്തലാക്കിയിരുന്നു.
എന്നാൽ ഇത് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് സർവീസ് പുനരാരംഭിക്കുകയായിരുന്നു.