വടക്കഞ്ചേരി: കുതിരാനിൽ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാകാത്തതിനാൽ ആദ്യതുരങ്കപ്പാത ഗതാഗതത്തിനു തുറന്നുകൊടുക്കാൻ മൂന്നാഴ്ചകൂടി വേണ്ടിവരുമെന്ന് കരാർ കന്പനി അധികൃതർ.ഇരുന്പുപാലം ഭാഗത്ത് പീച്ചി ജലസംഭരണിക്കു മുകളിലൂടെയുള്ള പാലത്തിന്റെയും ഇവിടത്തെ അപ്രോച്ച് റോഡിന്റെയും പണി ഏതാണ്ട് അന്തിമഘട്ടത്തിലാണെങ്കിലും പടിഞ്ഞാറുഭാഗത്തെ (തൃശൂർ വഴുക്കുംപാറ ഭാഗം) പണികൾ തീർന്നിട്ടില്ല.
ഇവിടെ ഉയരമുള്ള പാറക്കൂട്ടങ്ങൾ പൊട്ടിച്ചുനീക്കാനുണ്ട്. എന്നാൽ മാത്രമേ റോഡിനു മൂന്നുവരിപ്പാതയുടെ വീതിയുണ്ടാകൂ. മാത്രമല്ല വനത്തോടു ചേർന്നുകിടക്കുന്ന ഇടതുഭാഗം ഇടിയാനും ദുരന്തം സംഭവിക്കാനും സാധ്യതയേറെയാണ്.
ഇവിടെയെല്ലാം സുരക്ഷാ സംവിധാനം ഒരുക്കാതെ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാകില്ല. നാല്പതും അന്പതും അടി ഉയരമുള്ള വനത്തിൽനിന്നും വലിയ പാറക്കല്ലുകൾ ഉരുണ്ട് റോഡിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.
ആദ്യ തുരങ്കപ്പാത തുറന്ന് അതിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടാൽ മാത്രമേ നിലവിലുള്ള കുതിരാൻ റോഡ് അടച്ച് വലതുഭാഗത്തെ തുരങ്കപ്പാതയുടെ അപ്രോച്ച് റോഡ് നിർമിക്കാനാകൂ. ഇവിടെ ഏഴുമീറ്ററിൽ നിലവിലുള്ള പഴയ റോഡ് തുരങ്കപ്പാതയുടെ ലെവലിൽ താഴ്ത്തണം. ഗുഹാമുഖത്ത് മലവെള്ളംപോകാനുള്ള വീതികൂടിയ ഡ്രെയിനേജിന്റെ പണിയും നടത്തേണ്ടതുണ്ട്.
തുരങ്കപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതിനുമുന്പ് പൂർത്തിയാക്കേണ്ട സുരക്ഷാ പരിശോധനകളും, തുരങ്കത്തിലെ പാറകളുടെ ബലവും അന്തിമമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം.ഉഗ്രസ്ഫോടനത്തോടെ പാറകൾ പൊട്ടിച്ചെടുത്തിരുന്നതിനാൽ തുരങ്കത്തിനുള്ളിലെ പാറകൾക്ക് ബലക്ഷയമുണ്ടായിട്ടുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
തുരങ്കത്തിനുള്ളിലെയും അപ്രോച്ച് റോഡുകളുടെയും സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിയോ എൻഎച്ച്എഐ ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ഏജൻസിയായ ഐസിടിയോ ഗൗരവമേറിയ ശ്രദ്ധകൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഏപ്രിലിൽ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ട്വിൻട്യൂബ് ടണലായി (ഇരട്ടക്കുഴൽ പാത)ഉദ്ഘാടനം നടത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്.