വടക്കഞ്ചേരി: കുതിരാനിലെ തുരങ്കപ്പത നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെ തുരങ്കപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് വൻദുരന്തത്തിന് ഇടയാക്കുമെന്ന് റിപ്പോർട്ട്.ഇരുന്പുപാലം ഭാഗത്തുനിന്നും തുരങ്കത്തിന്റെ ആദ്യ മൂന്നൂറു മീറ്റർ ക്രോസ് പാസേജിലാണ് പാറകൾക്ക് വലിയ ബലക്ഷയം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ അപായസാധ്യത വേണ്ടവിധം കണക്കിലെടുത്തിട്ടില്ല.
ഇതുസംബന്ധിച്ച് കഴിഞ്ഞ നവംബർ 16ന് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഫയർ ആൻഡ് സേഫ്റ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാസംവിധാനങ്ങളുടെ ലിസ്റ്റുതന്നെ കരാർ കന്പനിക്ക് നൽകി. എന്നാൽ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് ഇപ്പോഴും അധികൃതർ വ്യക്തമാക്കുന്നില്ല. പാറ അടർന്നുവീണാൽ വൻദുരന്തത്തിലാകും കലാശിക്കുക.
വലതു തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കാൻ നിലവിലുള്ള റോഡ് പൊളിക്കുന്പോൾ ഇടതു തുരങ്കത്തിലൂടെയാകും ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുക. നിരനിരയായാണ് ദേശീയപാതയിലൂടെ വാഹനങ്ങൾ പോകുന്നത്. ഇതിനാൽ തുരങ്കത്തിനുള്ളിൽ അപകടം സംഭവിച്ചാൽ അതിന്റെ വ്യാപ്തിയുംകൂടും.
തുരങ്കത്തിലെ പാറകൾ പൊട്ടിച്ചെടുക്കാതെ തുരന്ന് പാറ പൊടിയാക്കി എടുക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ ഇതുചെയ്യാതെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ വലിയ കുലുക്കം ഉണ്ടാക്കിയാണ് ഉഗ്രസ്ഫോടനത്തോടെ തുരങ്കത്തിലെ പാറകൾ പൊട്ടിച്ചെടുത്തിരുന്നത്. ഇതിനാൽ പാറകളിൽ വലിയ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ഇളകി നിൽക്കുന്ന പാറകൾ ഏതു സമയവും താഴേക്ക് പതിക്കാനും സാധ്യത കൂടുതലാണ്.
മഴക്കാലത്താകും ഇത്തരം അപകടസാധ്യതകൂടുതലുണ്ടാവുക. തുരങ്കം നിർമിക്കുന്പോൾത്തന്നെ ശക്തമായ ഉറവകളുണ്ടായിരുന്നു. ശക്തമായ കാലവർഷമുണ്ടായാൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. യാതൊരു സുരക്ഷാസംവിധാനവുമില്ലാതെയാണ് ഇടത് തുരങ്കത്തിന്റെ അപ്രോച്ച് റോഡുകൾ നിർമിച്ചിട്ടുള്ളത്. ഇവിടെ ഒരുഭാഗത്ത് നാല്പതടിയോളം ഉയരത്തിലാണ് പാറകൾ ഇളകി നിൽക്കുന്നത്. കഴിഞ്ഞദിവസം ഇവിടെ മുകളിൽനിന്നും പാറക്കല്ലുകൾ റോഡിലേക്കു വീണ സംഭവവുമുണ്ടായി.