വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാതയിലെ പണികൾ തടഞ്ഞു പ്രദേശവാസികൾ നടത്തുന്ന സമരം കരാർ കന്പനിക്ക് അനുഗ്രഹമായി. നിത്യചെലവിനുപോലും വഴിയില്ലാതെ ഉഴലുന്ന കന്പനിക്ക് നാട്ടുകാരുടെ സമരം പിടിച്ചുനില്ക്കാനുള്ള പിടിവള്ളിയായെന്ന് കന്പനിയിലെ തന്നെ ചില ജീവനക്കാർ രഹസ്യമായി പറഞ്ഞു.നാട്ടുകാരുടെ സമരംമൂലം പണികൾ നടത്താനാകുന്നില്ലെന്ന നിലപാടിൽ സ്വന്തം പോരായ്മകൾ മൂടിവച്ച് പണി പൂർത്തീകരിക്കാനുള്ള കാലാവധി നീട്ടികിട്ടാനുള്ള ശ്രമത്തിലാണ് കരാർ കന്പനി.
നാലുമാസത്തെ വാടകകുടിശിക ആവശ്യപ്പെട്ട് വാഹന ഉടമകളും കുടിശികയുള്ള നാലുമാസത്തെ ശന്പളം നല്കണമെന്നാവശ്യപ്പെട്ട് കന്പനി ജീവനക്കാരും പണിമുടക്കി സമരത്തിനിറങ്ങിയപ്പോൾ കൊടുക്കാനുള്ള തീയതികൾ നീട്ടിവാങ്ങി തത്കാലം വാഹന ഉടമകളേയും നൂറിലേറെപേർ വരുന്ന ജീവനക്കാരെയും തണുപ്പിച്ചിരിക്കുകയാണ്.
ഈമാസം 12നുമുന്പ് കുടിശികയെല്ലാം തീർക്കാമെന്ന വ്യവസ്ഥയിലാണ് ജീവനക്കാർ ജോലിയെടുക്കുന്നതും വാഹനങ്ങൾ ഓടുന്നതും. ഇതിനിടെയാണ് കുതിരാനിൽ നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്. ക്ഷേത്രംവഴി നിലവിലുള്ള റോഡ് നിലനിർത്തണമെന്നും കുതിരാനിലെ പുതിയപാതയിൽ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ സമരം.
ഇതുമൂലം കഴിഞ്ഞ ശനിയാഴ്ചമുതൽ തുരങ്കപ്പാത നിർമാണപ്രവൃത്തികളെല്ലാം മുടങ്ങിയിരിക്കുകയാണ്. സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കരാർ കന്പനി ഉപകാരമെന്ന നിലയിലാണ് നാട്ടുകാരുടെ സമരത്തെ നോക്കിക്കാണുന്നത്. ഒരാഴ്ചകൂടി പണി മുടങ്ങിയാലും ആശ്വാസമെന്ന നിലപാടാണ് കന്പനി അധികൃതർക്കുള്ളത്.
ഇതിന് ഉതകുന്ന വിധത്തിലുള്ളതാണ് കന്പനിയിൽനിന്നും സമരക്കാർക്കെതിരേയുണ്ടാകുന്ന പ്രകോപനങ്ങൾ.കഴിഞ്ഞദിവസം നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ തുരങ്കപ്പാതയിലെത്തിയെങ്കിലും നാട്ടുകാരുടെ പരാതി കേൾക്കാൻ തയാറാകാതെ സ്ഥലംവിടുകയായിരുന്നു. ബന്ധപ്പെട്ടവരും മറ്റ് അധികൃതരും ആവശ്യങ്ങളുടെ ഗൗരവം മനസിലാക്കുന്നില്ലെന്ന വിഷമം നാട്ടുകാർക്കുണ്ട്.