തൃശൂർ: ആറുവരിപ്പാതയും തുരങ്കനിർമാണവും പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച സമരത്തിനു പിന്നാലെ എൽഡിഎഫും സമരത്തിനെത്തുന്നതോടെ പരിസരവാസികൾ മൂക്കു മാത്രമല്ല, ചെവിയും പൊത്തേണ്ട ഗതികേടിലായി.
പൊടി മൂലം മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാൻ സാധിക്കില്ല. ഇപ്പോൾതന്നെ ഡിവൈഎഫ്ഐയും കോണ്‍ഗ്രസും അടുത്തടുത്ത് വലിയ ശബ്ദത്തിൽ മൈക്ക് വച്ച് സമരം ആരംഭിച്ചതോടെ രണ്ടു സമരക്കാരും പറയുന്നത് ആർക്കും തിരിയാത്ത സാഹചര്യമാണ്.
ആറുവരിനിർമാണത്തിന്റെ കാര്യം വിട്ട് പരസ്പരം ചെളിവാരിയെറിയുന്ന സ്ഥിതിയിലേക്കാണ് സമരങ്ങളുടെ പോക്ക്. ആറുവരിനിർമാണം വൈകുന്നതു സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപണം വരുന്നതുകൊണ്ടാണ് എൽഡിഎഫ് സമരത്തിനിറങ്ങുന്നതെന്നു കെ.രാജൻ എംഎൽഎ പറയുന്നു.
സംസ്ഥാന സർക്കാരിന്റെയല്ല, കേന്ദ്രത്തിന്റെ അനാസ്ഥയാണ് പ്രശ്നമെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാണത്രേ സമരം.
കോണ്‍ഗ്രസാണ് ആദ്യം പീച്ചി റോഡ് ജംഗ്ഷനിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ഡിവൈഎഫ്ഐയും സമരം ആരംഭിച്ചു. നാളെ മുതൽ എൽഡിഎഫും സമരത്തിനിറങ്ങുകയാണ്.
റോഡ് നിർമാണമെന്ന ലക്ഷ്യം നേടാൻ പരസ്പരം സഹകരിക്കാൻ കഴിയാതെ രാഷ്ട്രീയ പാർട്ടികൾ അവരവരുടെ നേട്ടത്തിനായി സമരം നടത്തുന്നതു മുതലെടുപ്പ് രാഷ്ട്രീയമാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. ജനകീയ സമരമെന്ന നിലയിൽ ഇരുന്പുപാലത്തും സമരം നടത്തുന്നുണ്ട്. പരസ്പരം സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എംഎൽഎ പറഞ്ഞു.