തൃശൂർ: കുതിരാനിലെ കുരുക്കഴിക്കാൻ പകൽ സമയങ്ങളിൽ എട്ടു ചക്രങ്ങളിൽ കൂടുതലുള്ള ലോറികളും ട്രെയ്ലറുകളും നിയന്ത്രിക്കണമെന്ന നിർദ്ദേശത്തിനു പുല്ലുവില. ഇത്തരം ലോറികൾ രാവിലെ എട്ടു മുതൽ രാത്രി ഏഴു വരെ നിയന്ത്രിച്ചാൽ കുതിരാനിലെ ഗതാഗതകുരുക്ക് ഒഴിവാക്കാനാകും. അതു മാത്രമാണ് പെട്ടന്ന് കുരുക്കഴിക്കാൻ ചെയ്യാൻ പറ്റുന്നത്.
ഇത്തരത്തിൽ ഭാരവണ്ടികളെ നിയന്ത്രിക്കാൻ നിർദ്ദേശം കൊടുത്തിരുന്നുവെന്നാണ് കെ.രാജൻ എംഎൽഎ പറഞ്ഞിരുന്നത്. എന്നാൽ ഈ നിർദ്ദേശത്തിന് ജില്ലാ ഭരണകൂടം പുല്ലുവിലയാണ് കൽപ്പിച്ചിരിക്കുന്നത്.തന്റെ നിയോജക മണ്ഡലത്തിൽ പെട്ട കുതിരാനിലെ സുഗമമായ യാത്രയ്ക്ക് എടുക്കേണ്ട നടപടികൾ പോലും നടത്താൻ കഴിയാത്തതിനെതിരെ വ്യാപകമായ വിമർശനമാണ് എംഎൽഎയ്ക്കെതിരെ ഉയരുന്നത്. നിർദ്ദേശങ്ങൾ നൽകിയത് നടപ്പിൽവരുത്താൻ പോലും കഴിയാതെ സമരത്തിനിറങ്ങിയിരിക്കയാണ് എംഎൽഎയും.
ഭാരവണ്ടികളെ നിയന്ത്രിക്കേണ്ടത് ജില്ലാ ഭരണകൂടവും പോലീസുമാണ്. ഇത് നടപ്പാക്കാൻ വേണ്ട നടപടികളാണ് എംഎൽഎ എടുക്കേണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സമരങ്ങൾ നടത്തുന്നതല്ലാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
പോലീസിനെ കുതിരാനിൽ നിയോഗിച്ചും ഗതാഗതം നിയന്ത്രിക്കാൻ തീരുമാനമെടുത്തിരുന്നു.എന്നാൽ ഇപ്പോൾ ഹൈവേ പോലീസാണ് പ്രധാനമായും ഇവിടെ ഗതാഗത നിയന്ത്രണത്തിനുള്ളത്.
ഇവർക്ക് വേണ്ട പോലെ നിയന്ത്രിക്കാനും സാധിക്കാറില്ല. കൂടുതൽ പോലീസിനെ നിയോഗിച്ചാലെ ഇരുഭാഗത്തും ഇടയ്ക്കും പോലീസിനെ നിർത്തി ഇടയ്ക്ക് കുത്തിക്കയറി വരുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന കുരുക്ക് ഇല്ലാതാക്കി ഗതാഗതം സുഗമമാക്കാൻ കഴിയൂ. ഇപ്പോൾ 18ഉം 22ഉം അതിൽ കൂടുതലും ചക്രങ്ങളുള്ള വലിയ ട്രെയ്ലറുകളും ലോറികളുമൊക്കെയാണ് പകൽ സമയങ്ങളിൽ കുതിരാനിലൂടെ കടന്നുവരുന്നത്.
ഈ ലോറികൾ വളരെ സാവധാനം പോകുന്നതുമൂലം മറ്റു വാഹനങ്ങൾക്ക് മറികടക്കാൻ കഴിയാതെ വരുന്നതോടെയാണ് കുരുക്കുണ്ടാകുന്നത്. മിക്കപ്പോഴും ഇത്തരം ലോറികൾ കുതിരാനിലെത്തുന്പോൾ കുഴികളിൽ മറ്റും വീണ് നിർത്തിയിടേണ്ട സാഹചര്യമാകും. ഇതോടെ കുരുക്ക് മുറുകും. കൂടാതെ വൻ കുഴികളിൽ വീണ് ലോറികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഇവിടെ നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം വയ്ക്കോൽ കയറ്റി വന്ന ലോറി കുതിരാനിൽ മറിഞ്ഞു. ഇതോടെ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുരുങ്ങിയത്.
ആറുവരിപാതയിൽ തകർന്ന ഭാഗത്ത് റീ ടാറിംഗ് നടത്തുന്നതിനായി 4.3 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായെന്നാണ് പറയുന്നത്. നേരത്തെ മൂന്നു കോടി രൂപയ്ക്കാണ് ദേശീയപാത റീടാറിംഗിനുള്ള നടപടികൾ തുടങ്ങിയത്. എന്നാൽ പ്രളയത്തിന്റെ പേരിൽ ഇതിലും ഒരു കോടിയിലധികം രൂപയുടെ കൊള്ളയടിയാണ് നടത്തുന്നതെന്ന് പറയുന്നു. അടുത്ത മാസം മുതൽ ടാറിംഗ് നടപടി ആരംഭിക്കുമെന്നാണ് സൂചന. അതുവരെ സമരങ്ങൾ നടത്തി ജനങ്ങളുടെ മുന്പിൽ പിടിച്ചുനിൽക്കാനുള്ള വഴികളാണ് രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും നോക്കുന്നത്.