വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാ തയിലെ ആദ്യതുരങ്കത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു. തുരങ്കത്തിനുള്ളിൽ പ്രവൃത്തികൾ ഇല്ലാത്ത സമയങ്ങളിലാണ് അതുവഴിവരുന്ന വാഹനങ്ങൾ കടത്തിവിടുന്നത്. ഒൗദ്യോഗികമായി അനുമതിയില്ലെങ്കിലും കഴിഞ്ഞദിവസങ്ങളിലായി ഏതാനും വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നു.
ഇരുന്പുപാലം ഭാഗത്തുനിന്നുള്ള ആദ്യതുരങ്കമായ ഇടതുതുരങ്കത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകൾ താത്കാലികമായി വാഹനങ്ങൾക്കു പോകാവുന്ന സ്ഥിതിയായിട്ടുണ്ട്. ഇടയ്ക്ക് വാഹനങ്ങൾ കടത്തിവിട്ട് വാഹനങ്ങൾ പോകുന്പോൾ ഉണ്ടാകുന്ന പോരായ്മകൾ പരിഹരിക്കുകകൂടിയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഇതിനാൽ തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകൾ വാഹനങ്ങൾക്ക് പ്രവേശിക്കാവുന്ന വിധം തുറന്നിട്ടിരിക്കുകയാണ്. തുരങ്കപ്പാതയ്ക്കുള്ളിൽ വൈദ്യുതീകരണ പ്രവൃത്തികളും അപകടസുരക്ഷാ സംവിധാനങ്ങളും ഇനിയും ക്രമീകരിക്കേണ്ടതുണ്ട്.
ഇടതുതുരങ്കത്തിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിട്ടാൽ മാത്രമേ വലതുതുരങ്കത്തിന്റെ വഴുക്കുംപാറ ഭാഗത്തെ (പടിഞ്ഞാറുഭാഗം) അപ്രോച്ച് റോഡിനായി നിലവിലുള്ള പഴയ റോഡ് പൊളിച്ചുമാറ്റാൻ കഴിയൂ. ഇവിടെ പഴയ റോഡ് ഏഴുമീറ്റർ താഴ്ത്തിവേണം തുരങ്കപ്പാതയുടെ ലെവലാക്കാൻ.അടുത്തമാസം ആദ്യത്തോടെ ഇതിന്റെ പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് കരാർ കന്പനി പറയുന്നത്.