തൃശൂർ: കുതിരാൻ തുരങ്ക നിർമാണ പ്രവർത്തികൾ പത്തിനകം പുനരാരംഭിക്കാൻ കരാർ കന്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ കരാർ കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. എന്നാൽ നേരത്തെയുള്ള ബാധ്യതകൾ തീർക്കാതെ നിർമാണപ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് കരാർ കന്പനി. പതിനാല് മാസം മുന്‍പാണ് സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ നിർത്തിവച്ചത്. പ്രളയത്തെതുടർന്നുണ്ടായ മണ്ണിടിച്ചിലും തുരങ്ക നിർമാണ പ്രവർത്തികൾക്ക തിരിച്ചടിയായി.
തുരങ്കനിർമാണത്തിനായി കൂടുതൽ വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പട്ട സാങ്കേതിക പ്രശനങ്ങളും ബാധിച്ചു. 2016 മേയ് 13 നാണ് തുരങ്ക നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 910 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ദേശീപാത നിർമാണ കന്പനി ഹൈദരാബാദിലെ പ്രഗതി ഗ്രൂപ്പിനാണ് തുരങ്ക നിർമാണത്തിന്റ ഉപകരാർ നൽകിയത്. ആദ്യതുരങ്കത്തിന്റെ തൊണ്ണൂറ് ശതമാനം പണി പൂർത്തിയായെങ്കിലും സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ തടസപ്പെട്ടു.
ബാങ്കുകളുടെ കണ്‍സോർഷ്യം കരാർ കന്പനിക്ക് വായ്പ നൽകുന്നത് നിർത്തിവെച്ചതാണ് നിർമാണ പ്രവർത്തികൾ തടസപ്പെടാനിടയായത്. നാൽപത് കോടിയോളം ബാധ്യതയാണ് ഇത് മൂലം കരാർ കന്പനിക്ക് ഉണ്ടായതത്രേ. ഇതിനിടെ ആദ്യ തുരങ്കം തുറക്കാൻ തിരക്കിട്ട ശ്രമങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി തൂരങ്കപാതയിൽ ട്രയൽ റണ്‍ നടത്തിയെങ്കിലും 2018 മേയ് 18 ന് അഗ്നി സുരക്ഷ വിഭാഗം ആവശ്യപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ തുരങ്കപാതയിലൂടെയുള്ള ഗതാഗതത്തിന് അനുമതി നിഷേധിച്ചു.
തുരങ്കനിർമാണ പ്രവർത്തികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവെങ്കിലും പരാജയപ്പെട്ടു. എംപി മാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ തുരങ്കപാത സന്ദർശിച്ചു.
കേന്ദ്രഗതാഗത ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി ടി.എൻ പ്രതാപൻ എംപി രണ്ട് തവണ ചർച്ച നടത്തിയെങ്കിലും നിർമാണ പ്രവർത്തികൾ പുനരാരംഭിക്കാൻ കരാർ കന്പനി തയ്യാറായില്ല. ഇതേ തുടർന്നാണ് ദേശീപാത അതോററ്റി പണികൾ പുനരാരംഭിക്കാൻ കരാർ കന്പനിക്ക് അവസാനവട്ടമെന്ന നിലയിൽ കർശനനിർദ്ദേശം നൽകിയിരിക്കുന്നത്.