വടക്കഞ്ചേരി: കുതിരാനിൽ രണ്ടാം തുരങ്കപ്പാത വെള്ളത്തിൽ മുങ്ങി. കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിമൂലം രണ്ടുമാസത്തോളമായി തുരങ്കപ്പാതകളുടെ പണികളെല്ലാം നിർത്തിവച്ചതിനാൽ വെള്ളം നിറയുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.
വേനൽമഴയിൽ പ്രദേശത്തെ വെള്ളം മുഴുവൻ തുരങ്കത്തിലെത്തുകയായിരുന്നു. നേരത്തെയും ഇവിടെ ചെറിയ ഉറവയുണ്ട്. വഴുക്കുംപാറ ഭാഗത്താണ് കൂടുതൽ ആഴത്തിൽ വെള്ളമുള്ളത്.
നിലവിലുള്ള റോഡുപൊളിച്ചു തുരങ്കത്തിൽനിന്നുള്ള അപ്രോച്ച് റോഡ് നിർമിക്കുന്പോൾ മാത്രമേ ഇനി വെള്ളം പോകാനുള്ള ഡ്രെയ്നേജ് നിർമിക്കാനാകൂ. അതല്ലെങ്കിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പുചെയ്ത് കളയണം.
മഴക്കാലത്ത് തുരങ്കപ്പാതകൾക്കുള്ളിൽ ശക്തമായ ഉറവയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാറകൾക്കുള്ളിലെ ഉറവകളിൽനിന്നുള്ള വെള്ളം ഹോസ് ഉപയോഗിച്ച് ഡ്രെയ്നേജിലേക്ക് വിടുന്നുണ്ടെങ്കിലും മഴക്കാലത്ത് അതെല്ലാം അപര്യാപ്തമാകും.