വടക്കഞ്ചേരി: കുതിരാനിലെ തുരങ്കപ്പാത നിർമാണം ഉൾപ്പടെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത വികസന പ്രവൃത്തികൾ വീണ്ടും നിലച്ചു.പാത നിർമാണ പ്രവൃത്തികൾക്കായി കരാർ കന്പനികൾ വാടകക്ക് എടുത്തിട്ടുള്ള വാഹനങ്ങൾ കുടിശ്ശികയെ തുടർന്ന് ഓട്ടം നിർത്തിയതോടെയാണ് പണികളെല്ലാം ഇന്നലെ രാവിലെ മുതൽ സ്തംഭിച്ചത്. ഭീമമായ വാടക കുടിശിക നൽകാതെ ഇനി വാഹനങ്ങൾ ഒടിക്കില്ലെന്ന് നിലപാടിലാണ് വാഹന ഉടമകൾ.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ട് മാത്രം ഇരുപത് വാഹനങ്ങൾക്ക് 60 ലക്ഷം രൂപ വാടകയിനത്തിൽ നൽകാനുണ്ട്. ഈമാസം നാലാം തീയതി വാടക കുടിശ്ശികയെല്ലാം തീർക്കാമെന്നായിരുന്നു കരാർ കന്പനികൾ ഉറപ്പ് നൽകിയിരുന്നത്. ഇത് ലംഘിക്കപ്പെട്ടതോടെയാണ് തുരങ്കപാത നിർമാണം നടത്തുന്ന പ്രഗതി കരാർ കന്പനിയുടെയും ആറുവരി റോഡ് വികസനം നടത്തുന്ന മെയിൻ കരാർ കന്പനിയായ കഐംസിയുടെയും വാഹനങ്ങൾ ഓട്ടം നിർത്തിവെച്ചത്.
പലതവണ തീയതികൾ മാറ്റി പറഞ്ഞ് വാടക കിട്ടാതായപ്പോഴാണ് വാഹന ഉടമകളും സംഘടിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാവിലെയും കരാർ കന്പനി പ്രതിനിധികളുമായി വാഹന ഉടമകൾ ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് എല്ലാ വർക്കുകളും തടസപ്പെടുത്തി ആറുവരിപാത നിർമാണം പൂർണമായും നിലച്ചത്. മെയിൻ കരാർ കന്പനിയായ കഐംസി , തുരങ്കപ്പാത നിർമാണം സബ് കരാർ എടുത്തിട്ടുള്ള പ്രഗതി എൻജിനീയറിംഗ് കന്പനിക്ക് 60 കോടിരൂപ നൽകാനുണ്ട്.
പ്രഗതി കന്പനി ഓണ് ഫണ്ട് ഉപയോഗിച്ചും തുരങ്കപ്പാത നിർമാണം മുന്നോട്ടുകൊണ്ടുപോയെങ്കിലും ഇനിയും കഐംസിയിൽ നിന്നും പണം കിട്ടാതെ പണി നടത്താനാകില്ലെന്ന് പ്രഗതി അധികൃതർ പറഞ്ഞു. ആദ്യ തുരങ്കപാതയിലെ ഇലക്ട്രിക് വർക്കുകളും ഡ്രൈനേജ് പണികളും ഇന്നലെ മുതൽ തടസ്സപ്പെട്ടിരിക്കുകയാണ്. ജനുവരിയിൽ ആദ്യ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനി അത് നടക്കുമോ എന്ന് പറയാനാകില്ല.
രണ്ടാമത്തെ തുരങ്കപാത നിർമാണം എഴുപത് ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് മെയിൻ കരാർ കന്പനിയായ കെ.എം.സി. അധികൃതർ പറയുന്നത്. ആറുവരിപ്പാത നിർമാണം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ ഇത് പതിമൂന്നാമത്തെ തവണയാണ് പണികൾ നിർത്തിവെക്കുന്നത്.