തൃശൂർ: പവർഗ്രിഡ് കോർപ്പറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ജനുവരി 27 മുതൽ ഫെബ്രുവരി 10 വരെയും ഫെബ്രുവരി 27 മുതൽ മാർച്ച് 10 വരെയും രണ്ട് ഘട്ടമായി പണി നടക്കുന്ന ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ ചരക്ക് ലോറികൾ വൈകീട്ട് അഞ്ചിന് ശേഷമായിരിക്കും കടത്തിവിടുക. കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ് സർവീസുകൾ തടസ്സപ്പെടില്ല. എല്ലാ വാഹനങ്ങളും ഒറ്റവരിയായാണ് കടത്തിവിടുക.
ജില്ലാ കളക്ടർ എസ്. ഷാനവാസിനൊപ്പം സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, പാലക്കാട് ജില്ലാ കളക്ടറുടെ പ്രതിനിധി, ആർ.ടി.ഒ, ബസ് ഓണേഴ്സ് ട്രക്ക് ഓണേഴ്സ് പ്രതിനിധികൾ, എണ്ണ കന്പനി പ്രതിനിധികൾ, എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ. ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.