തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ അണ്ടർഗ്രൗണ്ട് കേബിളിംഗ് നടക്കുന്നതിനാൽ 28, 29 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനു എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
പാലക്കാടുനിന്ന് കുതിരാൻവഴി തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെടാതിരിക്കുന്നതിനും എറണാകുളം, തൃശൂർ ഭാഗത്തുനിന്നു കുതിരാൻ വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ നിയന്ത്രിക്കുന്നതിനുമാണ് തീരുമാനം.
പാലക്കാടുനിന്നുള്ള ചെറിയ ചരക്കുവാഹനങ്ങളും മറ്റു ഭാരവാഹനങ്ങളും മാത്രം ഒരു വശത്തേക്കു കടന്നുപോവുന്നതിനു കുതിരാൻ തുരങ്കം ഉപയോഗിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സുരക്ഷിത ഗതാഗതത്തിനായി തുരങ്കത്തിൽ വെളിച്ചം, ശുദ്ധവായു ലഭ്യമാക്കുന്നതിനും അശുദ്ധവായു പുറത്തുകളയുന്നതിനുമുള്ള ബ്ലോവർ, അഗ്നിശമന സംവിധാനം എന്നിവ ഏർപ്പെടുത്തും.
ഇതിനായി നിർമാണ കന്പനിയുടെ വിദഗ്ധർ ഇന്നു ജില്ലയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ബ്ലോവറും വെളിച്ചവും പൂർത്തീകരിക്കും. അഗ്നിശമനസേനയുടെ വാഹനങ്ങൾ ഇരുവശത്തും സജ്ജമാക്കി നിർത്തും.
ഒരു ദിശയിലേക്കു മാത്രം തുരങ്കത്തിലൂടെ ഗതാഗതത്തിനാണ് അനുമതി. യാത്രാകാറുകൾകൂടി തുരങ്കത്തിലൂടെ കടത്തിവിടാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു. തുരങ്കത്തിലൂടെയുള്ള ഗതാഗതം നിരന്തരമായി പരിശോധിക്കാൻ പോലീസ് പട്രോളിംഗ് ഉണ്ടാവും. തുരങ്കത്തിൽ വണ്ടി നിർത്താനോ ഓവർടേക്കിംഗോ അനുവദിക്കില്ല.
ഗതാഗത നിയന്തണത്തിനു 350 ഓളം പോലീസ് ഉദ്യോഗസ്ഥരേയും 250ഓളം മറ്റ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി പാണഞ്ചേരി പഞ്ചായത്ത് ഓഫീസിൽ കണ്ട്രോൾ റൂം തുറക്കും.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ നിയോഗിക്കും. അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാപിക്കൽ 30ന് അവലോകനം ചെയ്തശേഷം തുടർതീരുമാനം എടുക്കും. തുരങ്കനിർമാണം പൂർത്തിയാക്കുന്നതിന്റെ വർക്ക് ഷെഡ്യൂൾ നൽകാമെന്നു നിർമാണ കന്പനി കളക്ടറെ യോഗത്തിൽ അറിയിച്ചു.
എറണാകുളം ഭാഗത്തുനിന്നു കുതിരാൻവഴി പാലക്കാട് ഭാഗത്തേക്കു പോവുന്ന ചെറുവാഹനങ്ങളുടെ ഗതാഗതം ചേലക്കര-പഴയന്നൂർ-ആലത്തൂർ വഴി തിരിച്ചുവിടും. വലിയ വാഹനങ്ങളും ഈ വഴി തെരഞ്ഞെടുക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ പാലക്കാട് ജില്ലയിലെ പോലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകാനായി പാലക്കാട് ജില്ലാ കളക്ടർക്കു കത്ത് നൽകി.
എറണാകുളം ജില്ലയിൽനിന്നുള്ള ഓയിൽ ടാങ്കറുകൾ, ട്രെയിലർ വാഹനങ്ങൾ എന്നിവയുടെ ഉടമകളുടെ യോഗം വിളിച്ച് നിയന്ത്രണമുള്ള ദിവസങ്ങളിൽ കുതിരാൻ മേഖലയിലൂടെ ഗതാഗതം ഒഴിവാക്കാൻ നിർദേശിക്കാനായി ജില്ലാ കളക്ടർക്കു കത്തു നൽകി.
ഗതാഗത ക്രമീകരണം അറിയാതെ വരുന്ന ഹെവി വാഹനങ്ങളെ എറണാകുളം ജില്ലയുടെ പരിധിയിൽതന്നെ തടയുന്നതിനും ആവശ്യപ്പെട്ടു.
അതേസമയം, എറണാകുളത്തുനിന്നു കുതിരാൻവഴി പോവുന്ന വാഹനങ്ങൾക്കു മാത്രമാണ് നിയന്ത്രണമെന്നും, തൃശൂർ ജില്ലയിലെ മറ്റു മേഖലകളിലേക്കുള്ള വാഹനങ്ങൾക്കും ജില്ലയിലൂടെ ഷൊർണൂർവഴി പാലക്കാട്ടേക്കു പോവുന്ന വാഹനങ്ങൾക്കും നിയന്ത്രണമില്ലെന്നും കളക്ടർ വ്യക്തമാക്കി.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ, പവർഗ്രിഡ് കോർപറേഷൻ സിജിഎം പി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.