തൃശ്ശൂര്‍: ഗതാഗതമേഖലയില്‍ കേരളത്തിന്റെ തൊപ്പിയിലെ പൊന്‍ തുവലാണ് കുതിരാനിലെ ഇരട്ടത്തുരങ്കം. തുരങ്കത്തിന്റെ നിര്‍മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ദേശീയപാതയില്‍ 544ല്‍ വടക്കാഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള തുരങ്കത്തിന്റെ ദൈര്‍ഘ്യം ഒരു കിലോമീറ്ററോളമാണ്. മല തുരന്ന് നിര്‍മ്മിക്കുന്ന പാലത്തിന്റെ അവസാന ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ വേഗതയില്‍ നിര്‍മ്മാണം പുരോഗമിച്ചാല്‍ 2018 ആദ്യത്തോടെ തുരങ്കം ഗതാഗതത്തിന് അനുയോജ്യമാകുമെന്നാണ് കരുതുന്നത്. മാസ്റ്റര്‍ പഌന്‍ പ്രകാരം 920 മീറ്ററാണ് ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നീളം.
തൃശൂര്‍-പാലക്കാട് റോഡില്‍ എന്നും കുരുക്കായിരുന്ന കുതിരാന്‍ കയറ്റം കയറാതെ
തൃശ്ശൂര്‍പാലക്കാട് റോഡില്‍ എന്നും കുരുക്കായിരുന്ന കുതിരാന്‍കയറ്റം കയറാതെ അനായാസം സഞ്ചരിക്കാന്‍ അവസരം ഒരുക്കുന്നതാണ് ഈ തുരങ്കം. വീതി കണക്കാക്കിയാല്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ തുരങ്കങ്ങള്‍ ആവും ഇത്. പൂര്‍ണമായും യാത്രാസജ്ജമാകാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടി മതിയാകും. പാലക്കാടു നിന്ന് വരുമ്പോള്‍ ഇടതുവശത്തുള്ള തുരങ്കത്തിലൂടെ ഓഗസ്റ്റില്‍ വണ്ടിയോടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തേതില്‍ ഡിസംബറോടെയും. മല തുരന്ന് മൂലമറ്റം പവര്‍ഹൗസ് നിര്‍മ്മിച്ചതിനുശേഷം ഇതുപോലൊരു സംരംഭം കേരളത്തില്‍ ആദ്യമാണ്.
945 മീറ്ററുള്ള തുരങ്കങ്ങളില്‍ അവസാനവട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 240 തൊഴിലാളികള്‍. കഠിനാധ്വാനത്തിന്റെ നൂറ്റിമുപ്പതോളം ദിനങ്ങള്‍. പ്രാദേശിക എതിര്‍പ്പുകള്‍ മൂലം നാലരമാസത്തോളം പണി നടക്കാതിരുന്നിട്ടും ഒരു വര്‍ഷം തികയും മുമ്പ് തുരങ്കനിര്‍മ്മാണം പൂര്‍ത്തിയാക്കിയത് തൊഴിലാളികളുടെ മിടുക്ക്. ഡല്‍ഹിയില്‍ ദേശീയപാത അഥോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ് ഇരട്ടക്കുഴല്‍ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ല്‍ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍.) തയ്യാറാക്കി. പക്ഷേ, കുതിരാനില്‍ സംരക്ഷിത വനവും വന്യജീവി സങ്കേതവുമുണ്ട്. സ്ഥലമെടുക്കാന്‍ സുപ്രീംകോടതിയുടെ അനുമതി വേണം. തുല്യമായ സ്ഥലം സര്‍ക്കാരിനു വിട്ടു നല്‍കണം. വനം പോകുന്നതിന് നഷ്ടപരിഹാരം കെട്ടിവെക്കണം. ഇതെല്ലാം പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തു. 2007ലും 2008ലും ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല. 2010ലാണ് കരാര്‍ ഉറപ്പിച്ചത്.
ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി. കമ്പനി തുരങ്കംപണി പ്രഗതി ഗൂപ്പിന് ഉപകരാര്‍ നല്‍കുകയായിരുന്നു. രണ്ടും ഹൈദരാബാദിലെ കമ്പനികള്‍. അന്തിമാനുമതി കിട്ടിയത് 2013ല്‍. പക്ഷേ, അപ്പോഴേക്കും പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നു. പദ്ധതി മുമ്പോട്ടു പോകില്ലെന്നു മനസ്സിലാക്കിയ ദേശീയപാത അഥോറിറ്റി 2015ല്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും വിവരം ഗതാഗതമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അവസാനവട്ടം ഒരു ശ്രമം കൂടി നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതോടെയാണ് തുരങ്കത്തിന്റെ പിറവിക്ക് ഇടയായത്. തുടര്‍ന്ന അതേവര്‍ഷം തന്നെ പ്രാരംഭജോലികള്‍ ആരംഭിച്ചു. കഴിഞ്ഞവര്‍ഷം മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കല്‍ തുടങ്ങി. ആദ്യ പൊട്ടിക്കലില്‍തന്നെ പാറക്കഷണങ്ങള്‍ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിര്‍ത്തേണ്ടിവന്നു. ജൂണിലാണ് വീണ്ടും തുടങ്ങിയത്. പാലക്കാട് നിന്നു വരുമ്പോള്‍ ഇടതുവശത്തുള്ള തുരങ്കം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രില്‍ 21നും കൂട്ടിമുട്ടി.
240 തൊഴിലാളികളും തുരങ്കം പണിതു പരിചയമുള്ള ഉത്തരേന്ത്യക്കാരാണ്. പരിചയസമ്പന്നര്‍ക്ക് കനത്ത ശമ്പളമാണ്. അപകടം പിടിച്ച ജോലിയാണിത്. പാറക്കഷണങ്ങള്‍ ഏതു നിമിഷവും ദേഹത്തുവീഴാം. ജലാറ്റിന്‍ സ്റ്റിക്കുപയോഗിച്ചുള്ള പൊട്ടിക്കലിനുശേഷം പുക നിറയും. വെള്ളം തളിച്ച് പൊടി കുറയ്ക്കുമെങ്കിലും മനോധൈര്യമുള്ളവര്‍ക്കേ ഇപ്പണി ചെയ്യാനാകൂ. ഒരു തൊഴിലാളി മരിച്ചു. ജെ.സി.ബി. ഓപ്പറേറ്ററായിരുന്നു. കല്ലുകള്‍ അടര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്കേറ്റു. ഒരു തവണ കവാടത്തില്‍ മണ്ണിടിഞ്ഞെങ്കിലും അപകടമുണ്ടായില്ല. 24 മണിക്കൂറും ജോലി നടക്കുന്നുണ്ട്. സീനിയര്‍ ഫോര്‍മാന്‍ തിരുവനന്തപുരം കല്ലമ്പലംകാരന്‍ എം. സുദേവന്‍, ഫോര്‍മാന്മാരായ തൃശ്ശൂര്‍ പഴുവില്‍ സ്വദേശി ബിജു, കുന്നംകുളത്തുകാരനായ വി.കെ. ചന്ദ്രന്‍, ഹരിപ്പാടുകാരനായ മോഹനദാസ്, ചാലക്കുടിക്കാരനായ നാരായണന്‍ എന്നിവരെക്കൂടാതെ എന്‍ജിനീയര്‍ വടക്കഞ്ചേരിക്കാരനായ ശ്രീനുവുമുണ്ട് മലയാളികളായി. ആയിരത്തോളം സ്‌ഫോടനങ്ങളാണ് നടത്തിയതെന്ന് പ്രഗതി കമ്പനി മാനേജിങ് ഡയറക്ടര്‍ എം വി എസ്. കൃഷ്ണംരാജു വ്യക്തമാക്കുന്നു.
ദിവസവും അഞ്ചുമീറ്ററോളം തുരന്നാണ് പണിപൂര്‍ത്തിയാക്കിയത്. ശേഷിക്കുന്ന ജോലികള്‍ക്ക് കൂടുതല്‍ സമയം എടുക്കും. ഉള്ളില്‍ അപകടം ഉണ്ടായാല്‍ ഗതാഗതം തിരിച്ചുവിടാന്‍ രണ്ടു ഇടനാഴികള്‍ പൂര്‍ത്തിയാവണം. വൈദ്യുതീകരണം, അഴുക്കുചാല്‍, ഉള്ളില്‍ ഓക്‌സിജന്‍ ഉറപ്പാക്കാന്‍ എക്‌സോസ്റ്റുകള്‍, സി.സി.ടി.വി., നടപ്പാത, 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കല്‍ എന്നിവയാണ് ഇനി തീരാനുള്ളത്. ഇതിനായി അറുപതോളം തൊഴിലാളികള്‍ കൂടിയെത്തും.തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. നിര്‍മ്മാണത്തിന്റെ പല ഘട്ടത്തിലും സൂക്ഷ്മമായാണ് കാര്യങ്ങള്‍ നീങ്ങിയത്. ഭൂകമ്പത്തെ ചെറുക്കുന്ന രീതിയിലാണ് തുരങ്കം സജ്ജമാക്കുന്നത്. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്. നാലുവരിപ്പാതയുള്ള റോഡിന് സമമായിരിക്കും തുരങ്കത്തിന്റെ ഉള്‍വശം.
ഹൈടെക് സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി ഒരുക്കുക്കുന്നത്. ഇതിനുള്ളില്‍ പത്ത് സി.സി ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാവും. കാമറക്കാഴ്ച കാണാന്‍ പുറത്ത് സ്ക്രീനുകള്‍ ഒരുക്കും. പൊടിപടലങ്ങളോ മഞ്ഞോ കാഴ്ചയെ മറക്കില്ല. പൊടി വലിച്ചെടുത്ത് പുറത്തു കളയാനുള്ള ബ്‌ളോവറുകള്‍ തുരങ്കത്തിന്റെ ഇരുവശത്തും സ്ഥാപിക്കും. രണ്ടറ്റത്തും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുകളില്‍ മധ്യഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിക്കും. തുരങ്കത്തിനകത്ത് സ്ഥിരം ആംബുലന്‍സ് സംവിധാനവുമുണ്ടാകും. തുരങ്കത്തിനുള്ളിലൂടെ എത്ര വലിയ ചരക്കു വാഹനങ്ങള്‍ക്കും സുഗമമായി പോകാം. 80 കി.മീ. വേഗതയിലത്തെുന്ന ചരക്കുലോറികള്‍ക്ക് അതേ വേഗത്തില്‍ തുരങ്കത്തിലൂടെ പോകുന്നതിന് തടസ്സമുണ്ടാകില്ല. ഇരുമ്പു പാലത്തിന് താഴെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമാണ്. ഇതിന് മുകളിലൂടെ തുരങ്കത്തിലെത്തൊന്‍ പാലം വേണം. 150 മീറ്റര്‍ അകലെവച്ചാണ് പാലത്തിലേക്ക് പ്രവേശിക്കുക.